Thursday, July 21, 2011

ഭാർഗവരാമന്റെ ഗർവ്വശമനം


മുത്തശ്ശീ, തുടങ്ങാം‌ വേണിക്ക് തിരക്കായി.

“ഒരു കയ്യിൽ‌ മഴുവും തോളിൽ‌ വൈഷ്ണവാസ്ത്രവുമായി പരശുരാമൻ‌ ക്ഷുഭിതനായി കടന്നുവന്നു. ജമദഗ്നിയുടെ പുത്രനായ പരശുരാമന്റെ മുന്നിൽ‌ ദശരഥമഹാരജാവ് ആദരപൂർവ്വം പ്രണമിച്ചു. എന്നാൽ‌ ക്ഷത്രിയകുലാന്തകനായ പരശുരാമനു സംസാരിക്കാനുള്ളത് ശ്രീരാമചന്ദ്രനോടായിരുന്നു.

ഞാനല്ലാതെ വേറൊരു രാമനുണ്ടോ? ശൈവചാപമൊടിച്ചെന്നുകേട്ടു, അത്രവീരനാണെങ്കിൽ‌ എന്നോട് യുദ്ധം ചെയ്തു കാണിക്കൂ“ പരശുരാമൻ‌ ശ്രീരാമനോടാവശ്യപ്പെട്ടു

എന്നാൽ‌ ശ്രീരാമൻ പരശുരാമനെ വന്ദിച്ച് ഭാർഗവരാമന്റെ പരാക്രമത്തെ വാഴ്ത്തിക്കൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണുണ്ടായത്.

ക്ഷത്രിയകുലം നശിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്ത പരശുരാമൻ‌ വീണ്ടൂം  മഴുവുമായി രക്തദാഹിയായി ഇറങ്ങിയിരിക്കുകയാണോ എന്ന ശങ്കയാൽ‌ ദശരഥപരിവാരങ്ങൾ പേടിച്ചു. രാമന്റെ പുകഴ്ത്തലുകളൊന്നും പരശുരാമന്റെ കോപത്തെ തണുപ്പിക്കാൻ‌ മാത്രമുള്ളതായിരുന്നില്ല. ഭാർഗവരാമൻ‌ തുടർന്നു.

“ വിശ്വകർമ്മാവ് രണ്ട് വില്ലുകളുണ്ടാക്കി ഒന്നു ശിവനും‌ ഒന്നു വിഷ്ണുവിനും നൽകുകയാണുണ്ടായത്. അതിൽ ശൈവചാപമാണു നീയൊടിച്ചതായി കേട്ടത്. ഇതാ ഇതാണ് വൈഷ്ണവചാപം‌. ഇതു കുലക്കാനൊന്നു ശ്രമിച്ചു നോക്കൂ.”

ശ്രീരാമചന്ദ്രൻ‌ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പരശുരാമൻ‌ കുലം‌ തന്നെ മുടിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി. അവസാനം‌ ആ വൈഷ്ണവചാപം ശ്രീരാമനെടുത്ത് കുലച്ചു. ഈരേഴുപതിനാലുലോകവും നിറഞ്ഞൊഴുകുന്ന തേജസ്സാൽ‌ ശ്രീരാമചന്ദ്രനാ വില്ലും കുലച്ചു കൊണ്ട് ഭാർ‌ഗവരാമനോട് ചോദിച്ചു

“അല്ലയോ മഹർഷേ, ഞാൻ കുലച്ച ഈ അസ്ത്രത്തിനുള്ള ലക്ഷ്യം‌ പറഞ്ഞ് തന്നാലും”

പരശുരാമനു ശ്രീരാമചന്ദ്രനാരാണെന്നു മനസ്സിലായി. തന്റെ അവതാരോദ്ദേശം പൂർത്തിയായെന്ന് മനസ്സിലാക്കിയ പരശുരാമൻ‌ തന്റെ തപ:പുണ്യങ്ങളെല്ലാം‌ ആ അസ്ത്രത്താൽ പകർന്നെടുക്കാനാവശ്യപ്പെട്ട് ശ്രീരാമചന്ദ്രനെ സ്തുതിച്ച് മഹേന്ദ്രപർവതത്തിലേക്ക് തപസ്സനുഷ്ഠിക്കാനായി പോയി.

അങ്ങനെ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ കുമാരന്മാർക്ക് രാജകീയമായ സ്വീകരണങ്ങളാണു ജനങ്ങൾ നൽകിയത്. അങ്ങനെ രാജകുമാരന്മാർ‌ സന്തോഷമായി തങ്ങളുടെ പത്നിമാരൊത്ത് സുഖമായി താ‍മസിക്കുമ്പോൾ‌ ദശരഥൻ‌ ഭരതശത്രുഘ്നന്മാരെ വിളിച്ച് പറഞ്ഞു

“ നിങ്ങളെകൂട്ടിക്കൊണ്ട് പോവാനാണു അമ്മാവനായ യുധാജിത്ത് ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ കേകയരാജ്യത്ത് ചെന്ന് മുത്തച്ഛനെ കണ്ട് കുറെനാൾ‌ അവിടെ താമസിച്ച് തിരിച്ചു വരിക”

പിതാവിന്റെ ആജ്ഞാനുസരണം‌ ഭരതശത്രുഘ്നന്മാർ രാമലക്ഷ്മണന്മാരോട് യാത്രപറഞ്ഞ് കേകയരാജ്യത്തിലേക്ക് പോയി. സീതയും ഊർമ്മിളയും ഭർത്താക്കന്മാരൊത്ത് അയോദ്ധ്യയിൽ സന്തോഷത്താടെ താമസിക്കുകയും ചെയ്തു.

മുത്തശ്ശി തന്റെ കഥപറച്ചിലിൽ ലയിച്ചിരുന്ന കുഞ്ഞുങ്ങളെ നോക്കി അൽ‌പ്പനേരം മൌനമായി ഇരുന്നു.

എന്നിട്ട്? ഹരി വിടാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല

ബാലകാണ്ഡം‌ ഇവിടെ സമാപിച്ചു. ഇനി അയോദ്ധ്യാകാണ്ഡം‌. അത് നാളെ. നല്ലോണം പ്രാർത്ഥിച്ചു പോയി പഠിക്കൂ. മുത്തശ്ശി അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി നാമജപം തുടങ്ങി..

നമസ്തേ ജഗത്പതേ..നമസ്തേ രമാപതേ
നമസ്തേ ദാശരഥേ നമസ്തേ സതാം‌ പതേ
നമസ്തേ വേദപതേ നമസ്തേ ദേവപതേ
നമസ്തേ മുഖപതേ നമസ്തേ ധരാപതേ