Sunday, August 7, 2011

ശ്രീരാമാഭിഷേകാരംഭം


“ഒന്നങ്ങട് വേഗം‌ വാ “ വേണിയുടെ കയ്യും പിടിച്ച് വലിച്ച് ഹരിയെത്തിയപ്പോൾ‌ മുത്തശ്ശി അവരെ കാത്തിരിക്കുകയായിരുന്നു.


അങ്ങനെ രാമലക്ഷ്മണന്മാർ പത്നീസമേതം അയോദ്ധ്യയിലും‌ ഭരതശത്രുഘ്നന്മാർ കേകയരാജ്യത്തും സുഖമായി ജീവിച്ചു പോന്നു. അങ്ങനെയിരിക്കെയാണു തനിക്ക് രാജ്യഭാരം രാമനെ ഏൽ‌പ്പിച്ചു ശിഷ്ടകാലം സമാധാനമായി ജീവിക്കണമെന്ന ആഗ്രഹം‌ ദശരഥനു ഉടലെടുത്തത്. രാമനാണെങ്കിൽ കീർത്തിമാനും സദ്ഗുണസമ്പന്നനും വീരശൂരപരാക്രമിയുമാണു. ജനങ്ങളുടേയെല്ലാം‌ ആദവ് ഇതിനകം തന്നെ രാമൻ പിടിച്ചുവാങ്ങിയതിനാൽ ആ ഒരു തീരുമാനം ജനങ്ങളേയും സന്തോഷിപ്പിക്കുമെന്നതിൽ സംശയവുമില്ല.

അധികം വൈകാതെ തന്റെ മന്ത്രിമാരോടും ഗൂരുജനങ്ങളോടും ഇക്കാര്യം സംസാരിക്കുകയും അവരുടെ നിർദ്ദേശപ്രകാരം‌ ദേശദേശാന്തരങ്ങളിലുള്ള പണ്ഡിതന്മാരേയും രാജാക്കന്മാരേയും പ്രമാണിമാരേയും അയോദ്ധ്യയിലേക്ക് ക്ഷണിച്ച് വരുത്തി. ജനകമഹാരാജാവും കേകയരാ‍ജാവായ അശ്വപതിയുമൊഴിച്ചുള്ളവർ അയോദ്ധ്യയിലെത്തി. വരാത്തവർക്ക് ആലോചനസഭയുടെ തീരുമാനം ദൂതന്മാർ വഴികൊടുത്തയക്കാമെന്ന് ദശരഥനും കരുതി.

അങ്ങനെ പ്രൌഡമായ ആ സഭയിൽ വച്ച് ദശരഥമഹാരാജാവ് രാമനെ യുവരാജാവായി വാഴിക്കാനുള്ള തീരുമാനം എല്ലാവരേയും അറിയിച്ചു. ആ തീരുമാനത്തെ ഹർഷാരവത്തോടെയായിരുന്നു ഏവരും വരവേറ്റത്.അടുത്ത ദിവസം തന്നെ അഭിഷേകം നടത്തുവാനുള്ള നീക്കങ്ങളാരംഭിച്ചു. രാജ്യം ഉത്സവലഹരിയിലായി. ജനങ്ങളെല്ലാം അതിരറ്റ സന്തോഷത്തിൽ‌ മതിമറന്നു. ലോകം മുഴുവൻ വാഴ്ത്തുന്ന ശ്രീരാ‍മചന്ദ്രന്റെ തന്നെ രാജാവായി വരുകയാണല്ലോ.

എന്നാൽ‌ ഈ നീക്കത്തിൽ അസ്വസ്ഥരായ ഒരു വിഭാഗമുണ്ടായിരുന്നു.

അതാരാ മുത്തശ്ശി? കള്ളന്മാരാണോ? വേണി ഇടയിൽ കയറി

അല്ല, ദേവഗണങ്ങൾ‌. ശ്രീരാമന്റെ അവതാരോദ്ദേശ്യം തന്നെ രാവണനിഗ്രഹമാണല്ലോ. അയോദ്ധ്യാരാജനായി വാണാൽ‌ രാവണനിഗ്രഹത്തിനുള്ള അവസരവുമുണ്ടാവില്ലല്ലോ. അതിനാൽ അവരെല്ലാം കൂടി സരസ്വതീദേവിയുടെ അടുത്ത് ചെന്ന് ഇതിലിടപെടണമെന്നപേക്ഷിച്ചു. അവരുടെ അഭ്യർത്ഥനമാനിച്ച് വാണീദേവി കൈകേയീ‍ദാസിയായ മന്ഥരയുടെ നാവിൽ‌ സന്നിവേശിച്ചു.

രാമന്റെ അഭിഷേക വാർത്തയറിഞ്ഞ എല്ലാവരും എന്നപോലെ കൈകേയിയും വളരെ സന്തോഷത്തിലായിരുന്നു. രാമനോട് പുത്രനിർവിശേഷമായ സ്നേഹം കൈകേയിക്കുണ്ടായിരുന്നു. അങ്ങനെ ആഹ്ലാദത്തിലായിരുന്ന കൈകേയിയുടെ അടുത്തേക്ക് മന്ഥരചെന്നു പറഞ്ഞു.

“ദേവീ, നിങ്ങളിത്ര വിഡ്ഡിയാണോ? നിങ്ങളെന്തിനാണു സന്തോഷിക്കുന്നത്? ഇതിന്റെ വരുംവരായ്കളെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലായില്ലേ? ഒന്നാലോചിച്ചു നോക്കൂ, രാമന്റെ അഭിഷേകം കഴിഞ്ഞാൽ ഭരതന്റെ അവസ്ഥയെന്താവും? രാമന്റെ അടിമയെപോലെ ശിഷ്ട ജീവിതം കഴിക്കേണ്ടി വരില്ലേ? അതുപോട്ടെന്ന് വച്ചാലും, നിങ്ങളുടെ അവസ്ഥയെന്തായും? കൌസല്യയുടെ ദാസിയായി ഇനിയുള്ള കാലം ജീവിക്കാനാണോ നിങ്ങളുടെ പരിപാടി? നിങ്ങളുടെ കാര്യം കഷ്ടം തന്നെ. രാമന്റെ ഭരണം ഭരതന്റെ മരണമാണു എന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ”

ആദ്യമാദ്യം മന്ഥരയെ കണക്കിനു ശാസിച്ച കൈകേയി മന്ഥരയുടെ വിഷവാക്കുകൾക്ക് മുന്നിൽ പതറിത്തുടങ്ങി. മന്ഥരപറയുന്നത് ശരിയാണോ എന്ന് ചിന്തിച്ചുതുടങ്ങി. പയ്യെ പയ്യെ, കൈകേയിയുടെ മനസ്സ് മാറാൻ തുടങ്ങി. 

ഈ അവസാനനിമിഷത്തിലെന്ത് പോംവഴി എന്ന് ചിന്തിച്ചപ്പോഴാണു മന്ഥര പണ്ട് കൈകേയിക്ക് ലഭിച്ച വരങ്ങൾ‌ ചൂണ്ടിക്കാണിച്ചത്. പണ്ട് അസുരന്മാരായുള്ള യുദ്ധങ്ങളിൽ ദശരഥനോടൊപ്പം പോയിരുന്ന കൈകേയി യുദ്ധരംഗത്ത് പതിയെ ശുശ്രൂഷിക്കുന്നതിൽ അഗ്രഗണ്യയായിരുന്നു. അതുപോലെ ഒരിക്കൽ രഥത്തിന്റെ ആണിയിളകിപ്പോയി രഥം തകരാൻ പോവുന്ന സമയത്ത് തന്റെ കൈ വച്ച് രഥത്തെ സംരക്ഷിച്ച ഒരു ചരിത്രവുമുണ്ട്. അന്ന് ദശരഥൻ രണ്ട് വരം ആവശ്യപ്പെടാൻ കൈകേയിയോട് പറഞ്ഞിരുന്നു. എന്നാൽ‌ അത് പിന്നെ ആവശ്യമനുസരിച്ച് ചോദിച്ചോളാം എന്നാണു കൈകേയി പറഞ്ഞത്. ആ വരമിന്ന് ഉപയോഗപ്പെടുത്തുക തന്നെ എന്ന് കൈകേയി നിശ്ചയിച്ചു.

പുലർച്ചെ രാമന്റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ ഏർപ്പാടാക്കി, ഈ വാർത്ത അന്തപുരത്തിലറിയിക്കാനായി ദശരഥമഹാരാജാവ് കൈകേയിയുടെ അന്തപുരത്തിലേക്ക് ചെന്നു. അതിയായ സന്തോഷത്തോടെ ഈ വാർത്തയുമായി ചെന്ന മഹാരാജാവിനു അവിടെ നേരിടേണ്ടിവന്നത് ദു:ഖഭാരം കൊണ്ട് വീർത്തുകെട്ടിയ മുഖവുമായി നിന്നിരുന്ന കേകയപുത്രിയെ ആയിരുന്നു.

എന്നിട്ട്? ഹരിയുടെ ചോദ്യം.

കാലത്തിന്റെ നിയോഗങ്ങൾ അങ്ങനെയൊന്നും മാറ്റാൻ പറ്റില്ലല്ലോ. ഇനി നാളെ. നിങ്ങളിപ്പോൾ ചെന്ന് പഠിക്കാൻ നോക്കൂ. മുത്തശ്ശി അവസാനിപ്പിച്ചു.



Thursday, July 21, 2011

ഭാർഗവരാമന്റെ ഗർവ്വശമനം


മുത്തശ്ശീ, തുടങ്ങാം‌ വേണിക്ക് തിരക്കായി.

“ഒരു കയ്യിൽ‌ മഴുവും തോളിൽ‌ വൈഷ്ണവാസ്ത്രവുമായി പരശുരാമൻ‌ ക്ഷുഭിതനായി കടന്നുവന്നു. ജമദഗ്നിയുടെ പുത്രനായ പരശുരാമന്റെ മുന്നിൽ‌ ദശരഥമഹാരജാവ് ആദരപൂർവ്വം പ്രണമിച്ചു. എന്നാൽ‌ ക്ഷത്രിയകുലാന്തകനായ പരശുരാമനു സംസാരിക്കാനുള്ളത് ശ്രീരാമചന്ദ്രനോടായിരുന്നു.

ഞാനല്ലാതെ വേറൊരു രാമനുണ്ടോ? ശൈവചാപമൊടിച്ചെന്നുകേട്ടു, അത്രവീരനാണെങ്കിൽ‌ എന്നോട് യുദ്ധം ചെയ്തു കാണിക്കൂ“ പരശുരാമൻ‌ ശ്രീരാമനോടാവശ്യപ്പെട്ടു

എന്നാൽ‌ ശ്രീരാമൻ പരശുരാമനെ വന്ദിച്ച് ഭാർഗവരാമന്റെ പരാക്രമത്തെ വാഴ്ത്തിക്കൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണുണ്ടായത്.

ക്ഷത്രിയകുലം നശിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്ത പരശുരാമൻ‌ വീണ്ടൂം  മഴുവുമായി രക്തദാഹിയായി ഇറങ്ങിയിരിക്കുകയാണോ എന്ന ശങ്കയാൽ‌ ദശരഥപരിവാരങ്ങൾ പേടിച്ചു. രാമന്റെ പുകഴ്ത്തലുകളൊന്നും പരശുരാമന്റെ കോപത്തെ തണുപ്പിക്കാൻ‌ മാത്രമുള്ളതായിരുന്നില്ല. ഭാർഗവരാമൻ‌ തുടർന്നു.

“ വിശ്വകർമ്മാവ് രണ്ട് വില്ലുകളുണ്ടാക്കി ഒന്നു ശിവനും‌ ഒന്നു വിഷ്ണുവിനും നൽകുകയാണുണ്ടായത്. അതിൽ ശൈവചാപമാണു നീയൊടിച്ചതായി കേട്ടത്. ഇതാ ഇതാണ് വൈഷ്ണവചാപം‌. ഇതു കുലക്കാനൊന്നു ശ്രമിച്ചു നോക്കൂ.”

ശ്രീരാമചന്ദ്രൻ‌ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും പരശുരാമൻ‌ കുലം‌ തന്നെ മുടിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി. അവസാനം‌ ആ വൈഷ്ണവചാപം ശ്രീരാമനെടുത്ത് കുലച്ചു. ഈരേഴുപതിനാലുലോകവും നിറഞ്ഞൊഴുകുന്ന തേജസ്സാൽ‌ ശ്രീരാമചന്ദ്രനാ വില്ലും കുലച്ചു കൊണ്ട് ഭാർ‌ഗവരാമനോട് ചോദിച്ചു

“അല്ലയോ മഹർഷേ, ഞാൻ കുലച്ച ഈ അസ്ത്രത്തിനുള്ള ലക്ഷ്യം‌ പറഞ്ഞ് തന്നാലും”

പരശുരാമനു ശ്രീരാമചന്ദ്രനാരാണെന്നു മനസ്സിലായി. തന്റെ അവതാരോദ്ദേശം പൂർത്തിയായെന്ന് മനസ്സിലാക്കിയ പരശുരാമൻ‌ തന്റെ തപ:പുണ്യങ്ങളെല്ലാം‌ ആ അസ്ത്രത്താൽ പകർന്നെടുക്കാനാവശ്യപ്പെട്ട് ശ്രീരാമചന്ദ്രനെ സ്തുതിച്ച് മഹേന്ദ്രപർവതത്തിലേക്ക് തപസ്സനുഷ്ഠിക്കാനായി പോയി.

അങ്ങനെ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ കുമാരന്മാർക്ക് രാജകീയമായ സ്വീകരണങ്ങളാണു ജനങ്ങൾ നൽകിയത്. അങ്ങനെ രാജകുമാരന്മാർ‌ സന്തോഷമായി തങ്ങളുടെ പത്നിമാരൊത്ത് സുഖമായി താ‍മസിക്കുമ്പോൾ‌ ദശരഥൻ‌ ഭരതശത്രുഘ്നന്മാരെ വിളിച്ച് പറഞ്ഞു

“ നിങ്ങളെകൂട്ടിക്കൊണ്ട് പോവാനാണു അമ്മാവനായ യുധാജിത്ത് ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ കേകയരാജ്യത്ത് ചെന്ന് മുത്തച്ഛനെ കണ്ട് കുറെനാൾ‌ അവിടെ താമസിച്ച് തിരിച്ചു വരിക”

പിതാവിന്റെ ആജ്ഞാനുസരണം‌ ഭരതശത്രുഘ്നന്മാർ രാമലക്ഷ്മണന്മാരോട് യാത്രപറഞ്ഞ് കേകയരാജ്യത്തിലേക്ക് പോയി. സീതയും ഊർമ്മിളയും ഭർത്താക്കന്മാരൊത്ത് അയോദ്ധ്യയിൽ സന്തോഷത്താടെ താമസിക്കുകയും ചെയ്തു.

മുത്തശ്ശി തന്റെ കഥപറച്ചിലിൽ ലയിച്ചിരുന്ന കുഞ്ഞുങ്ങളെ നോക്കി അൽ‌പ്പനേരം മൌനമായി ഇരുന്നു.

എന്നിട്ട്? ഹരി വിടാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല

ബാലകാണ്ഡം‌ ഇവിടെ സമാപിച്ചു. ഇനി അയോദ്ധ്യാകാണ്ഡം‌. അത് നാളെ. നല്ലോണം പ്രാർത്ഥിച്ചു പോയി പഠിക്കൂ. മുത്തശ്ശി അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി നാമജപം തുടങ്ങി..

നമസ്തേ ജഗത്പതേ..നമസ്തേ രമാപതേ
നമസ്തേ ദാശരഥേ നമസ്തേ സതാം‌ പതേ
നമസ്തേ വേദപതേ നമസ്തേ ദേവപതേ
നമസ്തേ മുഖപതേ നമസ്തേ ധരാപതേ

Monday, July 18, 2011

സീതാസ്വയംവരം


ഹരിയും വേണിയും എത്തിയപ്പോൾ‌ അന്ന് വൈകി. കർക്കടകത്തിലെ കനത്തമഴയിൽ‌ അന്നത്തെ ടൈംടേബിൽ‌ താളംതെറ്റി. അവർ‌ മുത്തശ്ശിയുടെ മുന്നിൽ‌ൻ വന്ന് കഥകേൾക്കാനായി ചമ്രം‌ പടിഞ്ഞിരിക്കുമ്പോഴും‌ പുറത്ത് രൌദ്രതാളത്തിൽ‌ മഴതകർത്ത് പെയ്യുന്നുണ്ടായിരുന്നു.

മുത്തശ്ശീ, ഇനി കല്ല്യാണം.. അല്ലേ? ഹരി തിരക്ക് കൂട്ടി

മിഥിലാധിപനായ ജനകമഹാരാജാവ് നല്ലൊരു പോരാളിയും പണ്ഡിതനുമായിരുന്നു. ഒരു യാഗത്തിന്റെ ഭാഗമായി നിലമുഴുമ്പോൾ‌ അദ്ദേഹത്തിനു ഒരു സുന്ദരിയായ പെൺ‌കുഞ്ഞിനെ ലഭിച്ചു. ഭൂമീദേവിയുടെ വരദാനമായ ആ കുഞ്ഞിനെ ജനകമഹാരാജാവ് സ്വന്തം‌ പുത്രിയായി വളർത്തുകയും ചെയ്തു.

മുത്തശ്ശി ശ്വാസമെടുക്കാനായി ഒന്നു നിർത്തിയതും‌ വേണികയറി ചോദിച്ചതുമൊരുമിച്ചായിരുന്നു.

“അത് സീതയാർന്നല്ലേ?”

അതെ, ജാനകി തന്നെ. രാജകുമാരി വളർ‌ന്ന് വിവാ‍ഹപ്രായമായപ്പോൾ‌ ജനകൻ‌ സീതക്ക് യോജിച്ച വരനെയന്വേഷിച്ച് തുടങ്ങി. എന്നാൽ‌ ഭൂമീപുത്രിക്ക് യോജിച്ച വരനെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. പെട്ടെന്നാണു ജനകനു ത്രയംബകത്തിന്റെ ഓർ‌മ്മ വന്നത്. ത്രയംബകമെന്ന ശൈവചാപം‌. ഈ രുദ്രചാപമെടുത്ത് കുലക്കുന്നവനു സീതയെ വിവാഹം‌ കഴിച്ചുകൊടുക്കും എന്ന് ജനകൻ‌ വിളംബരവും ചെയ്തു. വിളംബരം കേട്ട് പല രാജകുമാരന്മാരും വന്നെങ്കിലും‌ വില്ലെടുത്ത് കുലക്കാൻ പോയിട്ട് അതൊന്നനക്കാൻ‌ കൂടി ആർക്കും‌ സാധിച്ചില്ല.

ഈ സമയത്താണു രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടു കൂടെ ഇവിടെ എത്തിച്ചേരുന്നത്. തേജസ്വികളായ കുമാരന്മാരെ കണ്ട ജനകമഹാരാജാവ്  വിശ്വാമിത്രനോട് അവരെക്കുറിച്ചന്വേഷിച്ചു. ജനകമഹാരാജാവിന്റെ സുഹൃത്ത്കൂടിയായ ദശരഥന്റെ പുത്രന്മാരാണു എന്നറിഞ്ഞപ്പോൾ‌ അദ്ദേഹത്തിനു കൂടുതൽ‌ സന്തോഷമായി.കുമാരന്മാർക്ക് ശൈവചാപം‌ കാണുവാനായി അവർ‌ അവസരമൊരുക്കി. എട്ട് ചക്രമുള്ള രഥസമാനമായ ഒരു വണ്ടിയിൽ ആണു രുദ്രചാപം‌ വച്ചിരുന്നത്.

എന്നിട്ട്? രാമൻ‌ കുലച്ചോ? വേണിക്ക് ആകാം‌ക്ഷയടക്കാനായില്ല

ഗുരുവിന്റെ അനുഗ്രഹപ്രകാരം‌ ശ്രീരാമചന്ദ്രൻ‌ പയ്യെ വില്ലിനടുത്തേക്ക് ചെന്നു. ചാപത്തെ നമിച്ച്, വലം‌വെച്ച് പതുക്കെ വില്ലെടുത്തുയർത്തി. വില്ലുകുലക്കാനുള്ള ശ്രമത്തിൽ‌ ഭൂമിയെ പ്രകമ്പനം‌ കൊള്ളിച്ചുകൊണ്ട് അത് രണ്ടായൊടിഞ്ഞു.

മിഥിലാധിപനു സന്തോഷത്തിനിനിയെന്തു വേണം‌? അപ്പോൾ‌ തന്നെ ദശരഥമഹാരാജാവിനുള്ള ദൂതുമായി‌ ദൂതനെ പറഞ്ഞയച്ചു. കൊട്ടാരത്തിൽ‌ സീതയെക്കൂടാതെ മൂന്നുകന്യകമാർ‌ കുടിയുണ്ട്. ദശരഥന് രാമനെക്കൂടാതെ മൂന്നുപുത്രന്മാരും‌.  രാമന്റെ ശൈവചാപഭഞ്ജനത്തെക്കുറിച്ചും, നാലുപേരുടേയും‌  വിവാഹം‌ ഒരുമിച്ച് നടത്താനുള്ള ആഗ്രഹവും‌ അറിഞ്ഞയുടൻ‌ ദശരഥമഹാരാജാവ് പരിവാരങ്ങളോടൊപ്പം വിദേഹരാജ്യത്തിലേക്ക് പുറപ്പെട്ടു. വാമദേവൻ‌, വസിഷ്ഠൻ‌, ജാബാലി‌, മാർ‌ക്കണ്ഡേയൻ‌, കാത്യായനൻ‌ തുടങ്ങിയ ഋഷിവര്യന്മാരും‌ വിവാഹകർമ്മത്തെ അനുഗ്രഹിക്കാനായി ദശരഥനോടൊപ്പം പുറപ്പെട്ടു.

നാലുദിവസത്തെ യാത്രക്ക് ശേഷം‌ മിഥിലയിലെത്തിയ ദശരഥനേയും പരിവാരങ്ങളേയും ജനകമഹാരാജാവ് എല്ലാവിധ ബഹുമാനങ്ങളോടും കൂടെ സ്വീകരിച്ചാനയിച്ചു. കേകയരാജാവിന്റെ‌ മകനായ യുധാജിതും‌ സഹോദരീപുത്രന്മാരുടെ വിവാഹത്തിനു‌ പങ്കെടുക്കാനെത്തി. വിവാഹത്തിനുള്ള ഒരുക്കങ്ങളായി. സീതയുടെ അനിയത്തിയായ ഊ‌ർമ്മിളയെ ലക്ഷ്മണനും‌, ജനകന്റെ സഹോദരപുത്രിമാരായ ശ്രുതകീർ‌ത്തിയെ ഭരതനും‌, മാണ്ഡവിയെ ശത്രുഘ്നനും‌ വിവാ‍ഹം‌ കഴിക്കാൻ‌ തീരുമാനിച്ചു. അങ്ങനെ വസിഷ്ഠമഹർ‌ഷിയുടെ കാർമികത്വത്തിൽ‌ ഗുരുവര്യന്മാരെ സാക്ഷിയാക്കി വിവാഹങ്ങൾ‌ നടത്തി.

വിവാഹാനന്തരമുള്ള ആഘോഷങ്ങളെല്ലാം‌ ഒതുക്കി, ദശരഥമഹാരാജാവ് ഭാര്യാസമേതരായ പുത്രന്മാരോടും പരിവാരങ്ങളോടും കൂടെ അയോദ്ധ്യയിലേക്ക് യാത്രതിരിച്ചു. അങ്ങനെ കുറച്ചുദൂരം‌ യാത്ര തുടർന്നപ്പോൾ‌ ആകെ അശുഭലക്ഷണങ്ങൾ‌ കണ്ടുതുടങ്ങി. അതായത്, ക്ഷത്രിയാന്തകനായ‌ ഭാർഗവരാമന്റെ‌ വരവിനു സമയമായെന്നർത്ഥം‌..രണ്ട് രാമന്മാർ‌ കണ്ട്മുട്ടുന്ന മുഹൂർത്തം‌.

കള്ളകർക്കടകമഴയ്ക്ക് ശക്തികൂട്ടാൻ‌ അകമ്പടിയായെത്തിയ ശക്ത്മായ കാറ്റിൽ‌‌ പെട്ടെന്ന് ചിമ്മിണിവിളക്ക് കെട്ടുപോയത് അന്നത്തെ കഥകഥനത്തിനു മുത്തശ്ശിക്ക് തിരശ്ശീലയിടാൻ‌ പ്രേരകമായി..

അടുത്ത അദ്ധ്യായം‌ :ഭാർഗവരാമന്റെ‌ ഗർവ്വശമനം‌

Wednesday, July 13, 2011

താടകവധം‌, യാഗരക്ഷ, അഹല്ല്യാ മോക്ഷം‌


“ അങ്ങനെ രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടൊപ്പം‌ യാത്രയായി.” മുത്തശ്ശി നേരെ കഥയിലേക്കു കടന്നു.

അന്ന് രാത്രി‌ സരയൂനദിതീരത്തുവച്ച് വിശപ്പും‌ ദാഹവുമറിയാതിരിക്കാനായി ബലയെന്നും അതിബലയെന്നുമുള്ള രണ്ട് രഹസ്യമന്ത്രങ്ങൾ‌ വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർ‌ക്ക് ഉപദേശിച്ചു കൊടുത്തു. പിന്നീട് ഗംഗയും കടന്ന് ദണ്ഡകാരണ്യമെന്ന താടകാവനത്തിലെത്തി.

താടകാവനമോ? വേണിക്ക് സംശയം‌

ഉം, അതെ താടകാവനം‌. അവിടെയാണു താടകയെന്ന രാക്ഷസി മക്കളായ മാരീചനും സുബാഹുവുമൊത്ത് വാഴുന്നത്.  സുകേതുവെന്ന യക്ഷനു ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ‌ ലഭിച്ച മകളാണു താടക. വരപ്രസാദത്താൽ‌ ആയിരം ആനകളുടെ ശക്തിയോടെയാണു താടക ജനിച്ചത്. താടക സുന്ദന്ദനെന്ന യക്ഷനെ വിവാഹം കഴിക്കുകയും അതിൽ മാരീചൻ‌ എന്നും സുബാഹു എന്നും പേരായ രണ്ട് മക്കൾ‌ ജനിക്കുകയും ചെയ്തു.

അഗസ്ത്യമുനിയുടെ‌ ആശ്രമമാക്രമിച്ച സുനന്ദനെ മഹർഷി ശപിച്ച് ഭസ്മമാക്കി. അതിൽ‌ കലിപൂണ്ട താടക മക്കളോടൊപ്പം ആശ്രമമാക്രമിച്ചതിനെത്തുടർ‌ന്ന് മഹർ‌ഷി അവരെ ശപിച്ചു രാക്ഷസരാക്കി. പിന്നീടവരുടെ കേളീരം‌ഗമായി ആ വനം‌. പിന്നീടവിടെ മഹർ‌ഷിമാർക്കും വഴിയാത്രക്കാർക്കും സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത വിധം‌ താടക ശല്ല്യം ‌ ചെയ്തു

വിശ്വാമിത്രന്റെ ആജ്ഞപ്രകാരം‌ രാജകുമാരന്മാർ‌ താടകയെ നേരിടാനൊരുങ്ങി. താടകയുടെ ശ്രദ്ധക്ഷണിക്കാനായി ശ്രീരാമൻ‌ ഞാണൊലി മുഴക്കി. അതുകേട്ട താടക അവിടെയെത്തുകയും അവർക്ക് നേരെ കല്ലും മരങ്ങളുമൊക്കെ എടുത്താക്രമണം തുടങ്ങുകയും ചെയ്തു .

ആദ്യമൊക്കെ സാരമല്ലാത്ത രീതിയിൽ യുദ്ധം ചെയ്ത ശ്രീരാമനോട് കൌശികമഹർഷി സൂര്യനസ്തമിക്കുന്നതിനുമുന്നെ താടകയെ വധിക്കാൻ‌ ആവശ്യപ്പെട്ടു. നിശാചരർക്ക് ഇരുട്ടുപരന്നാൽ‌ ശക്തിയാർജ്ജിക്കുമെന്ന മഹർ‌ഷിയുടെ ഉപദേശപ്രകാരം‌ ശ്രീരാമചന്ദ്രൻ‌ താടകയ്ക്ക് നേരെ അസ്ത്രമയച്ചു. താടകയെ വധിക്കുകയും ചെയ്തു.

രാമബാണമേറ്റതോടെ താടകക്ക് ശാപമോക്ഷം‌ വരികയും സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം കൈവരിച്ചു.

അവിടെ കാമാശ്രമത്തിൽ‌ സമയം‌ ചിലവഴിച്ച് കുമാരന്മാരും‌ വിശ്വാമിത്രനും യാത്ര തുടർന്നു.

കാമാശ്രമമോ? അതെന്താ അങ്ങനെ പേരു വന്നെ? ഹരിയും സംശയത്തിൽ‌ പുറകിലല്ല

“പണ്ട് ശിവനു നേരെ കാമദേവൻ‌ അസ്ത്രമയച്ചതിവിടെയാണു. അതിനാലാണു കാമാശ്രമമെന്നറിയപ്പെട്ടത്. “മുത്തശ്ശി സം‌ശയനിവാരണവും ‌ നടത്തി

യാത്രതുടർന്ന അവർ‌ സിദ്ധാശ്രമത്തിലെത്തിച്ചേർ‌ന്നു. അവിടെ യാഗരക്ഷക്കായി രാമലക്ഷ്മണന്മാർ‌ നിലകൊണ്ടു. ആയുധസന്നദ്ധരായ കുമാരന്മാരുടെ പിൻ‌ബലത്തിൽ‌ മഹർഷിമാർ യാഗം തുടങ്ങി. ആറാം ദിവസം‌ രാക്ഷസന്മാർ‌ യാഗം‌ മുടക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ‌ കണ്ടുതുടങ്ങി. ആകാശത്ത് നിന്ന് യാഗം‌ മുടക്കുവാനായി അശുദ്ധിനിറഞ്ഞ വസ്തുക്കൾ‌ യാഗശാലയിലേക്ക് വർഷിക്കാൻ‌ തുടങ്ങി. മാരീചസുബാഹുക്കളുടെ നേതൃത്വത്തിലുള്ള രാക്ഷസപ്പടയെ നേരിടാൻ‌ രാമലക്ഷ്മണന്മാരുമൊരുങ്ങി

ശ്രീരാമചന്ദ്രൻ‌ മാനവാസ്ത്രമുപയോഗിച്ച് മാരീചനെ നൂറുയോജനയകലെയുള്ള സാഗരത്തിലേക്കെറിഞ്ഞു.. പിന്നീട് ആഗ്നേയാസ്ത്ര‌മുപയോഗിച്ച് സുബാഹുവിനെ വധിക്കുകയും ചെയ്തു. ബാക്കിയുള്ള രാക്ഷസന്മാരെ രണ്ട് പേരും‌ ചേർ‌ന്ന് നശിപ്പിച്ചു.

യാഗം‌ പൂർത്തിയാക്കാൻ‌ വിശ്വാമിത്രനുംകൂട്ടർക്കും പിന്നീട് തടസ്സങ്ങളൊന്നുമുണ്ടായില്ല. യാഗരക്ഷക്ക് ശേഷം‌ മുനിമാരുടെ സ്വീകരണസൽ‌ക്കാരങ്ങളേറ്റുവാങ്ങിക്കൊണ്ട് അവർ‌ കുറച്ച് നാൾ‌ കഴിഞ്ഞു. അപ്പോഴാണു മിഥിലാപുരിയിലെ‌ യജ്ഞത്തെക്കുറിച്ചും‌ അവിടെയുള്ള ത്രയംബക‌ വില്ലിനെക്കുറിച്ചും‌ വിശ്വാമിത്രൻ‌ പറഞ്ഞത്. അവർ‌ അത് കാണുന്നാതിനായി പുറപ്പെട്ടു.

“അമ്മേ, ഇതാ വെള്ളം‌“ കഥയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് ഹരിയുടെ അമ്മ വന്നു. അവർ‌ കൊണ്ട് വന്ന വെള്ളം കുടിച്ച് മുത്തശ്ശി കഥാകഥനം‌ തുടർ‌ന്നു.

യാത്രാമദ്ധ്യേ അവർ‌ ഗൌതമാശ്രമത്തിലെത്തി‌. അവിടെയായിരുന്നു ഗൌതമ മഹർ‌ഷിയും ഭാര്യയായ അഹല്ല്യയും ജീവിച്ചിരുന്നത്. വളരെ സുന്ദരിയായിരുന്ന അഹല്ല്യയെ കണ്ട് ഇന്ദ്രനു മോഹമുണ്ടായി.. സൂത്രത്തിൽ‌ ഗൌതമനെ‌ സമയം‌ തെറ്റിദ്ധരിപ്പിച്ച് ആശ്രമത്തിൽ‌‌ നിന്നകറ്റുകയും ഗൌതമവേഷം‌ ധരിച്ച് അഹല്ല്യയെ പ്രാപിക്കുകയും ചെയ്തു. ഉഷസ്സാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഗൌതമമഹർ‌ഷി തിരിച്ചെത്തിയപ്പോൾ‌ വേഷം‌ മാറിയ ഇന്ദ്രനേയും കൂടെ അഹല്ല്യയേയും കണ്ട് രോഷാകുലനായി. ഇന്ദ്രനേയും അഹല്ല്യയേയും ശപിക്കുകയും ചെയ്തു.

അഹല്ല്യയെ ശപിച്ച് കല്ലാക്കിമാറ്റിയതോടോപ്പം‌ രാമപാദസ്പർശനത്താൽ‌ ശാപമോക്ഷമുണ്ടാകുമെന്ന വരവും‌ നൽകി. അങ്ങനെ കാലങ്ങളായി കല്ലിന്റെ രൂപത്തിൽ‌ രാമപാദവും‌ ധ്യാനിച്ച് അഹല്ല്യ ശാ‍പമോക്ഷത്തിനായി കാത്തിരിക്കുകയാണു.
കാര്യങ്ങളെല്ലാം വിശ്വാമിത്രനിൽ‌ നിന്നു മനസ്സിലാക്കിയ ശ്രീരാമദേവൻ‌ തന്റെ പാദം കൊണ്ട് കല്ലിൽ‌ സ്പർ‌ശിച്ചതും‌ ആ പാറ സുന്ദരിയായ അഹല്ല്യയായി രൂപാന്തരം‌ പ്രാപിച്ചു. അഹല്ല്യയുടെ അനുഗ്രഹവും‌ വാങ്ങി രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടൊപ്പം‌ യാത്രതുടർ‌ന്നു.

നമസ്തേ‌ രാമ‌ രാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ
നമസ്തേ‌ രാമ‌ രാമ! ഭക്തവത്സല‌ രാമ
നമസ്തേ ഹൃഷികേശ! രാമ രാഘവരാമ!
നമസ്തേ നാരായണ സന്തതം‌ നമോസ്തുതേ

തങ്ങളെകാത്തിരിക്കുന്ന പാഠപുസ്തകങ്ങളിലെ കണക്കുകൾക്ക് പകരം‌ ഹരിയുടേയും വേണിയുടേയും മനസ്സിൽ‌ സംവത്സരങ്ങളായി കല്ലായി മാറിയ അഹല്ല്യയുടെ വേദനയായിരുന്നു.

അടുത്ത അദ്ധ്യായം‌ : സീതയുടെ കഥ, സീതാ സ്വയം‌ വരത്തിന്റേയും

നിങ്ങളുടെ അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ