Wednesday, July 13, 2011

താടകവധം‌, യാഗരക്ഷ, അഹല്ല്യാ മോക്ഷം‌


“ അങ്ങനെ രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടൊപ്പം‌ യാത്രയായി.” മുത്തശ്ശി നേരെ കഥയിലേക്കു കടന്നു.

അന്ന് രാത്രി‌ സരയൂനദിതീരത്തുവച്ച് വിശപ്പും‌ ദാഹവുമറിയാതിരിക്കാനായി ബലയെന്നും അതിബലയെന്നുമുള്ള രണ്ട് രഹസ്യമന്ത്രങ്ങൾ‌ വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർ‌ക്ക് ഉപദേശിച്ചു കൊടുത്തു. പിന്നീട് ഗംഗയും കടന്ന് ദണ്ഡകാരണ്യമെന്ന താടകാവനത്തിലെത്തി.

താടകാവനമോ? വേണിക്ക് സംശയം‌

ഉം, അതെ താടകാവനം‌. അവിടെയാണു താടകയെന്ന രാക്ഷസി മക്കളായ മാരീചനും സുബാഹുവുമൊത്ത് വാഴുന്നത്.  സുകേതുവെന്ന യക്ഷനു ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ‌ ലഭിച്ച മകളാണു താടക. വരപ്രസാദത്താൽ‌ ആയിരം ആനകളുടെ ശക്തിയോടെയാണു താടക ജനിച്ചത്. താടക സുന്ദന്ദനെന്ന യക്ഷനെ വിവാഹം കഴിക്കുകയും അതിൽ മാരീചൻ‌ എന്നും സുബാഹു എന്നും പേരായ രണ്ട് മക്കൾ‌ ജനിക്കുകയും ചെയ്തു.

അഗസ്ത്യമുനിയുടെ‌ ആശ്രമമാക്രമിച്ച സുനന്ദനെ മഹർഷി ശപിച്ച് ഭസ്മമാക്കി. അതിൽ‌ കലിപൂണ്ട താടക മക്കളോടൊപ്പം ആശ്രമമാക്രമിച്ചതിനെത്തുടർ‌ന്ന് മഹർ‌ഷി അവരെ ശപിച്ചു രാക്ഷസരാക്കി. പിന്നീടവരുടെ കേളീരം‌ഗമായി ആ വനം‌. പിന്നീടവിടെ മഹർ‌ഷിമാർക്കും വഴിയാത്രക്കാർക്കും സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത വിധം‌ താടക ശല്ല്യം ‌ ചെയ്തു

വിശ്വാമിത്രന്റെ ആജ്ഞപ്രകാരം‌ രാജകുമാരന്മാർ‌ താടകയെ നേരിടാനൊരുങ്ങി. താടകയുടെ ശ്രദ്ധക്ഷണിക്കാനായി ശ്രീരാമൻ‌ ഞാണൊലി മുഴക്കി. അതുകേട്ട താടക അവിടെയെത്തുകയും അവർക്ക് നേരെ കല്ലും മരങ്ങളുമൊക്കെ എടുത്താക്രമണം തുടങ്ങുകയും ചെയ്തു .

ആദ്യമൊക്കെ സാരമല്ലാത്ത രീതിയിൽ യുദ്ധം ചെയ്ത ശ്രീരാമനോട് കൌശികമഹർഷി സൂര്യനസ്തമിക്കുന്നതിനുമുന്നെ താടകയെ വധിക്കാൻ‌ ആവശ്യപ്പെട്ടു. നിശാചരർക്ക് ഇരുട്ടുപരന്നാൽ‌ ശക്തിയാർജ്ജിക്കുമെന്ന മഹർ‌ഷിയുടെ ഉപദേശപ്രകാരം‌ ശ്രീരാമചന്ദ്രൻ‌ താടകയ്ക്ക് നേരെ അസ്ത്രമയച്ചു. താടകയെ വധിക്കുകയും ചെയ്തു.

രാമബാണമേറ്റതോടെ താടകക്ക് ശാപമോക്ഷം‌ വരികയും സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം കൈവരിച്ചു.

അവിടെ കാമാശ്രമത്തിൽ‌ സമയം‌ ചിലവഴിച്ച് കുമാരന്മാരും‌ വിശ്വാമിത്രനും യാത്ര തുടർന്നു.

കാമാശ്രമമോ? അതെന്താ അങ്ങനെ പേരു വന്നെ? ഹരിയും സംശയത്തിൽ‌ പുറകിലല്ല

“പണ്ട് ശിവനു നേരെ കാമദേവൻ‌ അസ്ത്രമയച്ചതിവിടെയാണു. അതിനാലാണു കാമാശ്രമമെന്നറിയപ്പെട്ടത്. “മുത്തശ്ശി സം‌ശയനിവാരണവും ‌ നടത്തി

യാത്രതുടർന്ന അവർ‌ സിദ്ധാശ്രമത്തിലെത്തിച്ചേർ‌ന്നു. അവിടെ യാഗരക്ഷക്കായി രാമലക്ഷ്മണന്മാർ‌ നിലകൊണ്ടു. ആയുധസന്നദ്ധരായ കുമാരന്മാരുടെ പിൻ‌ബലത്തിൽ‌ മഹർഷിമാർ യാഗം തുടങ്ങി. ആറാം ദിവസം‌ രാക്ഷസന്മാർ‌ യാഗം‌ മുടക്കുവാൻ വരുന്നതിന്റെ ലക്ഷണങ്ങൾ‌ കണ്ടുതുടങ്ങി. ആകാശത്ത് നിന്ന് യാഗം‌ മുടക്കുവാനായി അശുദ്ധിനിറഞ്ഞ വസ്തുക്കൾ‌ യാഗശാലയിലേക്ക് വർഷിക്കാൻ‌ തുടങ്ങി. മാരീചസുബാഹുക്കളുടെ നേതൃത്വത്തിലുള്ള രാക്ഷസപ്പടയെ നേരിടാൻ‌ രാമലക്ഷ്മണന്മാരുമൊരുങ്ങി

ശ്രീരാമചന്ദ്രൻ‌ മാനവാസ്ത്രമുപയോഗിച്ച് മാരീചനെ നൂറുയോജനയകലെയുള്ള സാഗരത്തിലേക്കെറിഞ്ഞു.. പിന്നീട് ആഗ്നേയാസ്ത്ര‌മുപയോഗിച്ച് സുബാഹുവിനെ വധിക്കുകയും ചെയ്തു. ബാക്കിയുള്ള രാക്ഷസന്മാരെ രണ്ട് പേരും‌ ചേർ‌ന്ന് നശിപ്പിച്ചു.

യാഗം‌ പൂർത്തിയാക്കാൻ‌ വിശ്വാമിത്രനുംകൂട്ടർക്കും പിന്നീട് തടസ്സങ്ങളൊന്നുമുണ്ടായില്ല. യാഗരക്ഷക്ക് ശേഷം‌ മുനിമാരുടെ സ്വീകരണസൽ‌ക്കാരങ്ങളേറ്റുവാങ്ങിക്കൊണ്ട് അവർ‌ കുറച്ച് നാൾ‌ കഴിഞ്ഞു. അപ്പോഴാണു മിഥിലാപുരിയിലെ‌ യജ്ഞത്തെക്കുറിച്ചും‌ അവിടെയുള്ള ത്രയംബക‌ വില്ലിനെക്കുറിച്ചും‌ വിശ്വാമിത്രൻ‌ പറഞ്ഞത്. അവർ‌ അത് കാണുന്നാതിനായി പുറപ്പെട്ടു.

“അമ്മേ, ഇതാ വെള്ളം‌“ കഥയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് ഹരിയുടെ അമ്മ വന്നു. അവർ‌ കൊണ്ട് വന്ന വെള്ളം കുടിച്ച് മുത്തശ്ശി കഥാകഥനം‌ തുടർ‌ന്നു.

യാത്രാമദ്ധ്യേ അവർ‌ ഗൌതമാശ്രമത്തിലെത്തി‌. അവിടെയായിരുന്നു ഗൌതമ മഹർ‌ഷിയും ഭാര്യയായ അഹല്ല്യയും ജീവിച്ചിരുന്നത്. വളരെ സുന്ദരിയായിരുന്ന അഹല്ല്യയെ കണ്ട് ഇന്ദ്രനു മോഹമുണ്ടായി.. സൂത്രത്തിൽ‌ ഗൌതമനെ‌ സമയം‌ തെറ്റിദ്ധരിപ്പിച്ച് ആശ്രമത്തിൽ‌‌ നിന്നകറ്റുകയും ഗൌതമവേഷം‌ ധരിച്ച് അഹല്ല്യയെ പ്രാപിക്കുകയും ചെയ്തു. ഉഷസ്സാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഗൌതമമഹർ‌ഷി തിരിച്ചെത്തിയപ്പോൾ‌ വേഷം‌ മാറിയ ഇന്ദ്രനേയും കൂടെ അഹല്ല്യയേയും കണ്ട് രോഷാകുലനായി. ഇന്ദ്രനേയും അഹല്ല്യയേയും ശപിക്കുകയും ചെയ്തു.

അഹല്ല്യയെ ശപിച്ച് കല്ലാക്കിമാറ്റിയതോടോപ്പം‌ രാമപാദസ്പർശനത്താൽ‌ ശാപമോക്ഷമുണ്ടാകുമെന്ന വരവും‌ നൽകി. അങ്ങനെ കാലങ്ങളായി കല്ലിന്റെ രൂപത്തിൽ‌ രാമപാദവും‌ ധ്യാനിച്ച് അഹല്ല്യ ശാ‍പമോക്ഷത്തിനായി കാത്തിരിക്കുകയാണു.
കാര്യങ്ങളെല്ലാം വിശ്വാമിത്രനിൽ‌ നിന്നു മനസ്സിലാക്കിയ ശ്രീരാമദേവൻ‌ തന്റെ പാദം കൊണ്ട് കല്ലിൽ‌ സ്പർ‌ശിച്ചതും‌ ആ പാറ സുന്ദരിയായ അഹല്ല്യയായി രൂപാന്തരം‌ പ്രാപിച്ചു. അഹല്ല്യയുടെ അനുഗ്രഹവും‌ വാങ്ങി രാമലക്ഷ്മണന്മാർ‌ വിശ്വാമിത്രനോടൊപ്പം‌ യാത്രതുടർ‌ന്നു.

നമസ്തേ‌ രാമ‌ രാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ
നമസ്തേ‌ രാമ‌ രാമ! ഭക്തവത്സല‌ രാമ
നമസ്തേ ഹൃഷികേശ! രാമ രാഘവരാമ!
നമസ്തേ നാരായണ സന്തതം‌ നമോസ്തുതേ

തങ്ങളെകാത്തിരിക്കുന്ന പാഠപുസ്തകങ്ങളിലെ കണക്കുകൾക്ക് പകരം‌ ഹരിയുടേയും വേണിയുടേയും മനസ്സിൽ‌ സംവത്സരങ്ങളായി കല്ലായി മാറിയ അഹല്ല്യയുടെ വേദനയായിരുന്നു.

അടുത്ത അദ്ധ്യായം‌ : സീതയുടെ കഥ, സീതാ സ്വയം‌ വരത്തിന്റേയും

നിങ്ങളുടെ അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ

No comments: