വേണിയും ഹരിയും കഥകേൾക്കാൻ
തയ്യാറായി എത്തുമ്പോൾ മുത്തശ്ശിയുടെ നാമജപം കഴിഞ്ഞട്ടുണ്ടായിരുന്നില്ല. അധികനേരം
കാത്തിരിക്കേണ്ടി വന്നില്ല. മുത്തശ്ശി രണ്ടുപേരോടുമായി ചോദിച്ചു,
ഇന്നലെ നമ്മളെവിടെയാ നിർത്തിയത്?
വിശ്വാമിത്രമഹർഷി അയോദ്ധ്യയിലേക്ക്
വന്നു. അല്ല മുത്തശ്ശി, അദ്ദേഹം അത്രയും വലിയ മഹാനാണോ ? ഹരിയുടെ സംശയം
രാജാവായി ജനിച്ച് ബ്രഹ്മർഷിപദത്തിനുവേണ്ടി
തപസ്സ് ചെയ്തയാളാണു വിശ്വാമിത്രൻ. ക്ഷിപ്രകോപിയാണു. ആ കഥ കേൾക്കണോ?
രണ്ടുപേരുമൊരുമിച്ച് തലകുലുക്കി
മുത്തശ്ശി തുടർന്നു
ഉഗ്രപ്രതാപിയായ വിശ്വാമിത്രമഹാരാജാവ്
പരിവാരങ്ങളോടൊപ്പം നായാട്ടിനിറങ്ങിയ സമയത്ത് വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലെത്തി. നാടിന്റെ
അധിപനായ രാജാവിനെ ഉചിതമാം വണ്ണം സ്വീകരിക്കുന്നതിൽ വസിഷ്ഠൻ മടികാണിച്ചില്ല. എന്താഗ്രഹിച്ചാലുംമത് നൽകുന്ന കാമധേനുവിന്റെ സഹായത്താൽ രാജാവിനേയും പരിവാരങ്ങളേയും വസിഷ്ഠമഹർഷി സൽക്കരിച്ചു.
കാമധേനുവാണു വസിഷ്ഠന്റെ സമൃദ്ധിയുടെ ഉറവിടം എന്ന് മനസ്സിലാക്കിയ രാജാവ് അത് തനിക്ക്
നൽകുവാൻ മഹർഷിയോടാവശ്യപ്പെട്ടു. എന്നാലത് നൽകാനാവില്ല എന്ന് പറഞ്ഞ വസിഷ്ഠന്റെ അടുത്തു
നിന്നും പശുവിനെ ബലമായിത്തന്നെ സ്വന്തമാക്കാൻ വിശ്വാമിത്രനൊരുങ്ങി.എന്നാൽ കാമധേനുവിന്റെ
ദിവ്യശക്തിയുടെ മുന്നിൽ വിശ്വാമിത്രന്റെ സൈന്യബലം
ഒന്നുമല്ലാതായിത്തീർന്നു. വിശ്വാമിത്രനു പരാജയം സമ്മതിക്കേണ്ടി വന്നു.
ബ്രഹ്മർഷിയായ വസിഷ്ഠന്റെ
തപശക്തിയുടെ മുന്നിൽ തന്റെ ആയുധബലമൊന്നുമല്ല എന്നു മനസ്സിലാക്കിയ അദ്ദേഹം രാജ്യഭാരം
മകനെ ഏൽപ്പിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഉമാപതിയായ മഹേശ്വരനെ ധ്യാനിച്ച് കൊടുംതപസ്സാരംഭിച്ചു.
തപസ്സിന്റെ ഒടുവിൽ ശിവൻ പ്രത്യക്ഷപ്പെട്ടു, ദിവ്യായുധങ്ങളെല്ലാം വരമായി നൽകി.
എന്നാൽ ആ ആയുധങ്ങളെല്ലാം
വസിഷ്ഠന്റെ തപ:ശക്തിക്ക് മുന്നിൽ നിഷ്ഫലമാവുകയാണുണ്ടായത്. ബ്രഹ്മർഷിപദത്തിലെത്തുകയാണു
ഒരേയൊരു പോംവഴിയെന്ന് തിരിച്ചറിഞ്ഞ വിശ്വാമിത്രൻ അതിനു വേണ്ടി ബ്രഹ്മാവിനോട് തപസ്സനുഷ്ഠിച്ചു.
അതിനിടക്കാണു ത്രിശങ്കുവിന്റെ
കഥ നടക്കുന്നത്. ത്രിശങ്കു സ്വർഗമെന്ന് കേട്ടട്ടില്ലേ?
“കേട്ടിട്ടുണ്ട്, പക്ഷെ
കഥയറിയില്ല “ ഹരിയുടേയും വേണിയുടേയും ഉത്തരമൊരുമിച്ചായിരുന്നു.
സൂര്യവംശത്തിലെ ഒരു
രാജാവായിരുന്നു ത്രിശങ്കു. സത്യസന്ധതയിൽ പേരെടുത്ത ഹരിശ്ചന്ദ്രന്റെ പിതാവ്. സത്യവ്രതനെന്നായിരുന്നു
അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഒരിക്കലദ്ദേഹത്തിനു
ഉടലോടെ സ്വർഗത്തിൽ പോകണമെന്നൊരാഗ്രഹമുണ്ടായി. അതിനായി ആദ്യം വസിഷ്ഠമഹർഷിയെ സമീപിച്ചെങ്കിലും അദ്ദേഹം അതിനു വഴങ്ങിയില്ല. പിന്നീട് വസിഷ്ഠന്റെ പുത്രന്മാരെ സമീപിച്ചെങ്കിലും അവരും
തയ്യാറായില്ലെന്ന് മാത്രല്ല, അവസാനം അവർ ശപിച്ച് ചണ്ഡാലനാക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണു വിശ്വാമിത്രന്റെയടുക്കൽ
ചെന്നെത്തുന്നത്. വസിഷ്ഠനെ തോൽപ്പിക്കാൻ കച്ചകെട്ടി നടക്കുകയാണല്ലോ വിശ്വാമിത്രൻ.
മാത്രമല്ല, വിശ്വാമിത്രമഹർഷി തപസ്സിനായി ഇറങ്ങിത്തിരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെ
സംരക്ഷിച്ചത് സത്യവ്രതനെന്ന ത്രിശങ്കുവാണെന്നും കഥയുണ്ട്. എന്തായാലും ത്രിശങ്കുവിന്റെ
ആഗ്രഹം സഫലീകൃതമാക്കുവാൻ വിശ്വാമിത്രൻ ഒരുമ്പെട്ടു. തന്റെ ഇതുവരെയാർജ്ജിച്ച തപ:ശക്തിയാൽ
ത്രിശങ്കുവിനെ സ്വർഗത്തിലേക്കുയർത്തി. എന്നാൽ ദേവന്മാർക്കതിഷ്ടമായില്ല. അവർ ത്രിശങ്കുവിനെ
നേരേ താഴോട്ടയച്ചു. എന്നാൽ ഭൂമിയിലേക്ക് വരുമ്പോൾ വിശ്വാമിത്രൻ നേരേ സ്വർഗത്തിലേക്കയക്കും,
ദേവകളവിടുന്നു താഴോട്ടും.
മൂക്കിന്റെ തുമ്പത്താണല്ലോ
വിശ്വാമിത്രനു ശുണ്ഠി. വിശ്വാമിത്രൻ തപസ്സിന്റെ ശക്തികൊണ്ട് ഭൂമിക്കും സ്വർഗത്തിനുമിടക്ക്
വേറൊരു സ്വർഗം തന്നെ സൃഷ്ടിച്ചു. മാത്രമല്ല, അവിടെ വേറൊരു ഇന്ദ്രനേയുംദേവകളേയും
ഒക്കെ സൃഷ്ടിക്കാനൊരുങ്ങി വിശ്വാമിത്രൻ. അതോടെപേടിച്ച് വിറച്ച ദേവേന്ദ്രനും കൂട്ടരും
വിശ്വാമിത്രന്റെ അടുത്തെത്തി ക്ഷമ ചോദിച്ചു. അവസാനം ത്രിശങ്കുവിനു വേണ്ടി സൃഷ്ടിച്ച
സ്വർഗത്തിൽ ത്രിശങ്കുവിന്റെ തുടരാനനുവദിച്ചത്രെ. ദേവേന്ദ്രൻ ത്രിശങ്കുവിനെ സ്വർഗത്തിലേക്ക്
കൂട്ടിക്കൊണ്ട് പോയെന്നും കഥയുണ്ട്.
“ അതാണല്ലേ അവിടേം ഇവിടേം
ഇല്ലാത്ത അവസ്ഥയെ ത്രിശങ്കുസ്വർഗത്തിലായിപ്പോയി എന്നൊക്കെ പറയുന്നേ? ഇപ്പൊ മനസ്സിലായി
“ ഹരിയുടെ മുഖത്ത് കാര്യങ്ങൾ പിടികിട്ടിയ സംതൃപ്തി.
വിശ്വാമിത്രനിലേക്ക് വരാം,
ഓരോരൊ ഘട്ടത്തിലായി ഭക്ഷണവും ജലവും അവസാനം വായുവും വരെ ഉപേക്ഷിച്ചുള്ള അതികഠിനമായ തപസ്സ് തുടര്‍ന്നു.
വിശ്വാമിത്രന്റെ ഘോരതപസ്സ് തന്റെ തന്റെ സ്ഥാനത്തിനു കോട്ടമുണ്ടാക്കുമോ എന്ന് ഭയന്ന
ഇന്ദ്രൻ പലരീതിയിലും അതു തടസ്സപ്പെടുത്താൻ ശ്രമിച്ചു, എന്നാലതിനെ ഒക്കെ അതിജീവിച്ചുള്ള
ഘോരതപസ്സിനൊടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും ബ്രഹ്മർഷിപദത്തിലേക്ക് വിശ്വാമിത്രനെ
ഉയർത്തുകയും ചെയ്തു.
അങ്ങനെയുള്ള വിശ്വാമിത്രനാണു
ഇന്നയോദ്ധ്യയിലേക്ക് വന്നത്. ദശരഥൻ ആശങ്കപ്പെടാതിരിക്കുമോ? എല്ലാവിധ ബഹുമാനങ്ങളോടും
കൂടെ വിശ്വാമിത്രനെ രാജധാനിയിലേക്ക് വരവേറ്റു. വിശ്വാമിത്രനു ഒരാവശ്യമുണ്ടായിരുന്നു.
അതെന്താ? വേണിയുടെ ചോദ്യം
വളരെ പെട്ടെന്നായിരുന്നു
പറയാം, കാര്യമന്വേഷിച്ച
രാജാവിനോട് വിശ്വാമിത്രൻ പറഞ്ഞു.
ഞാനൊരു യാഗം നടത്തുന്നുണ്ട്.
അത് തടസ്സപ്പെടുത്തുവാൻ രാക്ഷസന്മാർ ശ്രമിക്കുന്നു. അവരുടെ ശല്ല്യത്തിൽ നിന്ന് യാഗത്തെ
സംരക്ഷിക്കുവാനായി രാമലക്ഷ്മണന്മാരെ എന്റെ കൂടെ അയക്കണം
ദശരഥനാകെ വല്ലാതായി. കുട്ടികളല്ലേ
അവർ. യാഗസംരക്ഷണത്തിനായി താനും ചതുരംഗപ്പടയും വന്നാൽ മതിയോ എന്ന് ചോദിച്ചു നോക്കിയെങ്കിലും
വിശ്വാമിത്രൻ കൂട്ടാക്കിയില്ല.
ധർമ്മസങ്കടത്തിലായ ദശരഥമഹാരാജാവ് രാജഗുരുവിനോടഭിപ്രായമാരാഞ്ഞു.
അപ്പോഴാണു വസിഷ്ഠൻ ദശരഥനോട് ശ്രീരാമചന്ദ്രന്റെ ജന്മരഹസ്യം പറഞ്ഞു കൊടുത്തത്.
കഴിഞ്ഞ ജന്മത്തിൽ കശ്യപനും
അദിതിക്കും കിട്ടിയ വരമനുസരിച്ച് ഭഗവാൻ അവർക്ക് പുത്രരായി പിറക്കും. അതിനുവേണ്ടിയാണു
ദശരഥനായും കൌസല്യയായും ഈ ജന്മമെടുത്തത്. ശ്രീരാമൻ മഹാവിഷ്ണുവും ലക്ഷ്മണൻ ആദിശേഷനും,
ഭരതശത്രുഘ്നന്മാർ ശംഖചക്രങ്ങളുമാണു.
മാത്രമല്ല, വിശ്വാമിത്രന്റെ
കൂടെയുള്ള സഹവാസം രാമലക്ഷ്മണന്മാർക്ക് ഗുണമേ ചെയ്യൂ. അസ്ത്രശസ്ത്രവിദഗ്ദനാണല്ലോ കൌശികൻ.
ശ്രീരാമന്റെ ജന്മദൌത്യമറിഞ്ഞ
ദശരഥന്റെ ഖേദമെല്ലാമകന്നു. സന്തോഷത്തോടുകൂടെ രാമലക്ഷ്മണന്മാരെ വിശ്വാമിത്രനോടു കൂടി
യാത്രയാക്കി.
മുത്തശ്ശിയുടെ നീണ്ട നിശബ്ദത
ഇന്നത്തെ കഥയവസാനിപ്പിക്കുന്നതിനുള്ള മുന്നോടിയാണെന്ന് മനസ്സിലായ കുട്ടികൾ രണ്ട് പേരും
എഴുന്നേറ്റു. പാഠപുസ്തകങ്ങളിൽ തങ്ങളെ കാത്തിരിക്കുന്ന വേലകളിൽ മുഴുകാൻ അവർ മുത്തശ്ശിയോട്
യാത്രപറഞ്ഞു.
അടുത്ത അദ്ധ്യായം: താടകവധം,
യാഗരക്ഷ, അഹല്ല്യാ മോക്ഷം