Sunday, August 7, 2011

ശ്രീരാമാഭിഷേകാരംഭം


“ഒന്നങ്ങട് വേഗം‌ വാ “ വേണിയുടെ കയ്യും പിടിച്ച് വലിച്ച് ഹരിയെത്തിയപ്പോൾ‌ മുത്തശ്ശി അവരെ കാത്തിരിക്കുകയായിരുന്നു.


അങ്ങനെ രാമലക്ഷ്മണന്മാർ പത്നീസമേതം അയോദ്ധ്യയിലും‌ ഭരതശത്രുഘ്നന്മാർ കേകയരാജ്യത്തും സുഖമായി ജീവിച്ചു പോന്നു. അങ്ങനെയിരിക്കെയാണു തനിക്ക് രാജ്യഭാരം രാമനെ ഏൽ‌പ്പിച്ചു ശിഷ്ടകാലം സമാധാനമായി ജീവിക്കണമെന്ന ആഗ്രഹം‌ ദശരഥനു ഉടലെടുത്തത്. രാമനാണെങ്കിൽ കീർത്തിമാനും സദ്ഗുണസമ്പന്നനും വീരശൂരപരാക്രമിയുമാണു. ജനങ്ങളുടേയെല്ലാം‌ ആദവ് ഇതിനകം തന്നെ രാമൻ പിടിച്ചുവാങ്ങിയതിനാൽ ആ ഒരു തീരുമാനം ജനങ്ങളേയും സന്തോഷിപ്പിക്കുമെന്നതിൽ സംശയവുമില്ല.

അധികം വൈകാതെ തന്റെ മന്ത്രിമാരോടും ഗൂരുജനങ്ങളോടും ഇക്കാര്യം സംസാരിക്കുകയും അവരുടെ നിർദ്ദേശപ്രകാരം‌ ദേശദേശാന്തരങ്ങളിലുള്ള പണ്ഡിതന്മാരേയും രാജാക്കന്മാരേയും പ്രമാണിമാരേയും അയോദ്ധ്യയിലേക്ക് ക്ഷണിച്ച് വരുത്തി. ജനകമഹാരാജാവും കേകയരാ‍ജാവായ അശ്വപതിയുമൊഴിച്ചുള്ളവർ അയോദ്ധ്യയിലെത്തി. വരാത്തവർക്ക് ആലോചനസഭയുടെ തീരുമാനം ദൂതന്മാർ വഴികൊടുത്തയക്കാമെന്ന് ദശരഥനും കരുതി.

അങ്ങനെ പ്രൌഡമായ ആ സഭയിൽ വച്ച് ദശരഥമഹാരാജാവ് രാമനെ യുവരാജാവായി വാഴിക്കാനുള്ള തീരുമാനം എല്ലാവരേയും അറിയിച്ചു. ആ തീരുമാനത്തെ ഹർഷാരവത്തോടെയായിരുന്നു ഏവരും വരവേറ്റത്.അടുത്ത ദിവസം തന്നെ അഭിഷേകം നടത്തുവാനുള്ള നീക്കങ്ങളാരംഭിച്ചു. രാജ്യം ഉത്സവലഹരിയിലായി. ജനങ്ങളെല്ലാം അതിരറ്റ സന്തോഷത്തിൽ‌ മതിമറന്നു. ലോകം മുഴുവൻ വാഴ്ത്തുന്ന ശ്രീരാ‍മചന്ദ്രന്റെ തന്നെ രാജാവായി വരുകയാണല്ലോ.

എന്നാൽ‌ ഈ നീക്കത്തിൽ അസ്വസ്ഥരായ ഒരു വിഭാഗമുണ്ടായിരുന്നു.

അതാരാ മുത്തശ്ശി? കള്ളന്മാരാണോ? വേണി ഇടയിൽ കയറി

അല്ല, ദേവഗണങ്ങൾ‌. ശ്രീരാമന്റെ അവതാരോദ്ദേശ്യം തന്നെ രാവണനിഗ്രഹമാണല്ലോ. അയോദ്ധ്യാരാജനായി വാണാൽ‌ രാവണനിഗ്രഹത്തിനുള്ള അവസരവുമുണ്ടാവില്ലല്ലോ. അതിനാൽ അവരെല്ലാം കൂടി സരസ്വതീദേവിയുടെ അടുത്ത് ചെന്ന് ഇതിലിടപെടണമെന്നപേക്ഷിച്ചു. അവരുടെ അഭ്യർത്ഥനമാനിച്ച് വാണീദേവി കൈകേയീ‍ദാസിയായ മന്ഥരയുടെ നാവിൽ‌ സന്നിവേശിച്ചു.

രാമന്റെ അഭിഷേക വാർത്തയറിഞ്ഞ എല്ലാവരും എന്നപോലെ കൈകേയിയും വളരെ സന്തോഷത്തിലായിരുന്നു. രാമനോട് പുത്രനിർവിശേഷമായ സ്നേഹം കൈകേയിക്കുണ്ടായിരുന്നു. അങ്ങനെ ആഹ്ലാദത്തിലായിരുന്ന കൈകേയിയുടെ അടുത്തേക്ക് മന്ഥരചെന്നു പറഞ്ഞു.

“ദേവീ, നിങ്ങളിത്ര വിഡ്ഡിയാണോ? നിങ്ങളെന്തിനാണു സന്തോഷിക്കുന്നത്? ഇതിന്റെ വരുംവരായ്കളെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലായില്ലേ? ഒന്നാലോചിച്ചു നോക്കൂ, രാമന്റെ അഭിഷേകം കഴിഞ്ഞാൽ ഭരതന്റെ അവസ്ഥയെന്താവും? രാമന്റെ അടിമയെപോലെ ശിഷ്ട ജീവിതം കഴിക്കേണ്ടി വരില്ലേ? അതുപോട്ടെന്ന് വച്ചാലും, നിങ്ങളുടെ അവസ്ഥയെന്തായും? കൌസല്യയുടെ ദാസിയായി ഇനിയുള്ള കാലം ജീവിക്കാനാണോ നിങ്ങളുടെ പരിപാടി? നിങ്ങളുടെ കാര്യം കഷ്ടം തന്നെ. രാമന്റെ ഭരണം ഭരതന്റെ മരണമാണു എന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ”

ആദ്യമാദ്യം മന്ഥരയെ കണക്കിനു ശാസിച്ച കൈകേയി മന്ഥരയുടെ വിഷവാക്കുകൾക്ക് മുന്നിൽ പതറിത്തുടങ്ങി. മന്ഥരപറയുന്നത് ശരിയാണോ എന്ന് ചിന്തിച്ചുതുടങ്ങി. പയ്യെ പയ്യെ, കൈകേയിയുടെ മനസ്സ് മാറാൻ തുടങ്ങി. 

ഈ അവസാനനിമിഷത്തിലെന്ത് പോംവഴി എന്ന് ചിന്തിച്ചപ്പോഴാണു മന്ഥര പണ്ട് കൈകേയിക്ക് ലഭിച്ച വരങ്ങൾ‌ ചൂണ്ടിക്കാണിച്ചത്. പണ്ട് അസുരന്മാരായുള്ള യുദ്ധങ്ങളിൽ ദശരഥനോടൊപ്പം പോയിരുന്ന കൈകേയി യുദ്ധരംഗത്ത് പതിയെ ശുശ്രൂഷിക്കുന്നതിൽ അഗ്രഗണ്യയായിരുന്നു. അതുപോലെ ഒരിക്കൽ രഥത്തിന്റെ ആണിയിളകിപ്പോയി രഥം തകരാൻ പോവുന്ന സമയത്ത് തന്റെ കൈ വച്ച് രഥത്തെ സംരക്ഷിച്ച ഒരു ചരിത്രവുമുണ്ട്. അന്ന് ദശരഥൻ രണ്ട് വരം ആവശ്യപ്പെടാൻ കൈകേയിയോട് പറഞ്ഞിരുന്നു. എന്നാൽ‌ അത് പിന്നെ ആവശ്യമനുസരിച്ച് ചോദിച്ചോളാം എന്നാണു കൈകേയി പറഞ്ഞത്. ആ വരമിന്ന് ഉപയോഗപ്പെടുത്തുക തന്നെ എന്ന് കൈകേയി നിശ്ചയിച്ചു.

പുലർച്ചെ രാമന്റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ ഏർപ്പാടാക്കി, ഈ വാർത്ത അന്തപുരത്തിലറിയിക്കാനായി ദശരഥമഹാരാജാവ് കൈകേയിയുടെ അന്തപുരത്തിലേക്ക് ചെന്നു. അതിയായ സന്തോഷത്തോടെ ഈ വാർത്തയുമായി ചെന്ന മഹാരാജാവിനു അവിടെ നേരിടേണ്ടിവന്നത് ദു:ഖഭാരം കൊണ്ട് വീർത്തുകെട്ടിയ മുഖവുമായി നിന്നിരുന്ന കേകയപുത്രിയെ ആയിരുന്നു.

എന്നിട്ട്? ഹരിയുടെ ചോദ്യം.

കാലത്തിന്റെ നിയോഗങ്ങൾ അങ്ങനെയൊന്നും മാറ്റാൻ പറ്റില്ലല്ലോ. ഇനി നാളെ. നിങ്ങളിപ്പോൾ ചെന്ന് പഠിക്കാൻ നോക്കൂ. മുത്തശ്ശി അവസാനിപ്പിച്ചു.