ഹരിയും വേണിയും എത്തിയപ്പോൾ അന്ന് വൈകി. കർക്കടകത്തിലെ കനത്തമഴയിൽ അന്നത്തെ ടൈംടേബിൽ താളംതെറ്റി. അവർ മുത്തശ്ശിയുടെ മുന്നിൽൻ വന്ന് കഥകേൾക്കാനായി ചമ്രം പടിഞ്ഞിരിക്കുമ്പോഴും പുറത്ത് രൌദ്രതാളത്തിൽ മഴതകർത്ത് പെയ്യുന്നുണ്ടായിരുന്നു.
മുത്തശ്ശീ, ഇനി കല്ല്യാണം.. അല്ലേ? ഹരി തിരക്ക് കൂട്ടി
മിഥിലാധിപനായ ജനകമഹാരാജാവ് നല്ലൊരു പോരാളിയും പണ്ഡിതനുമായിരുന്നു. ഒരു യാഗത്തിന്റെ ഭാഗമായി നിലമുഴുമ്പോൾ അദ്ദേഹത്തിനു ഒരു സുന്ദരിയായ പെൺകുഞ്ഞിനെ ലഭിച്ചു. ഭൂമീദേവിയുടെ വരദാനമായ ആ കുഞ്ഞിനെ ജനകമഹാരാജാവ് സ്വന്തം പുത്രിയായി വളർത്തുകയും ചെയ്തു.
മുത്തശ്ശി ശ്വാസമെടുക്കാനായി ഒന്നു നിർത്തിയതും വേണികയറി ചോദിച്ചതുമൊരുമിച്ചായിരുന്നു.
“അത് സീതയാർന്നല്ലേ?”
അതെ, ജാനകി തന്നെ. രാജകുമാരി വളർന്ന് വിവാഹപ്രായമായപ്പോൾ ജനകൻ സീതക്ക് യോജിച്ച വരനെയന്വേഷിച്ച് തുടങ്ങി. എന്നാൽ ഭൂമീപുത്രിക്ക് യോജിച്ച വരനെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. പെട്ടെന്നാണു ജനകനു ത്രയംബകത്തിന്റെ ഓർമ്മ വന്നത്. ത്രയംബകമെന്ന ശൈവചാപം. ഈ രുദ്രചാപമെടുത്ത് കുലക്കുന്നവനു സീതയെ വിവാഹം കഴിച്ചുകൊടുക്കും എന്ന് ജനകൻ വിളംബരവും ചെയ്തു. വിളംബരം കേട്ട് പല രാജകുമാരന്മാരും വന്നെങ്കിലും വില്ലെടുത്ത് കുലക്കാൻ പോയിട്ട് അതൊന്നനക്കാൻ കൂടി ആർക്കും സാധിച്ചില്ല.
ഈ സമയത്താണു രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടു കൂടെ ഇവിടെ എത്തിച്ചേരുന്നത്. തേജസ്വികളായ കുമാരന്മാരെ കണ്ട ജനകമഹാരാജാവ് വിശ്വാമിത്രനോട് അവരെക്കുറിച്ചന്വേഷിച്ചു. ജനകമഹാരാജാവിന്റെ സുഹൃത്ത്കൂടിയായ ദശരഥന്റെ പുത്രന്മാരാണു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു കൂടുതൽ സന്തോഷമായി.കുമാരന്മാർക്ക് ശൈവചാപം കാണുവാനായി അവർ അവസരമൊരുക്കി. എട്ട് ചക്രമുള്ള രഥസമാനമായ ഒരു വണ്ടിയിൽ ആണു രുദ്രചാപം വച്ചിരുന്നത്.
എന്നിട്ട്? രാമൻ കുലച്ചോ? വേണിക്ക് ആകാംക്ഷയടക്കാനായില്ല
ഗുരുവിന്റെ അനുഗ്രഹപ്രകാരം ശ്രീരാമചന്ദ്രൻ പയ്യെ വില്ലിനടുത്തേക്ക് ചെന്നു. ചാപത്തെ നമിച്ച്, വലംവെച്ച് പതുക്കെ വില്ലെടുത്തുയർത്തി. വില്ലുകുലക്കാനുള്ള ശ്രമത്തിൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അത് രണ്ടായൊടിഞ്ഞു.
മിഥിലാധിപനു സന്തോഷത്തിനിനിയെന്തു വേണം? അപ്പോൾ തന്നെ ദശരഥമഹാരാജാവിനുള്ള ദൂതുമായി ദൂതനെ പറഞ്ഞയച്ചു. കൊട്ടാരത്തിൽ സീതയെക്കൂടാതെ മൂന്നുകന്യകമാർ കുടിയുണ്ട്. ദശരഥന് രാമനെക്കൂടാതെ മൂന്നുപുത്രന്മാരും. രാമന്റെ ശൈവചാപഭഞ്ജനത്തെക്കുറിച്ചും, നാലുപേരുടേയും വിവാഹം ഒരുമിച്ച് നടത്താനുള്ള ആഗ്രഹവും അറിഞ്ഞയുടൻ ദശരഥമഹാരാജാവ് പരിവാരങ്ങളോടൊപ്പം വിദേഹരാജ്യത്തിലേക്ക് പുറപ്പെട്ടു. വാമദേവൻ, വസിഷ്ഠൻ, ജാബാലി, മാർക്കണ്ഡേയൻ, കാത്യായനൻ തുടങ്ങിയ ഋഷിവര്യന്മാരും വിവാഹകർമ്മത്തെ അനുഗ്രഹിക്കാനായി ദശരഥനോടൊപ്പം പുറപ്പെട്ടു.
നാലുദിവസത്തെ യാത്രക്ക് ശേഷം മിഥിലയിലെത്തിയ ദശരഥനേയും പരിവാരങ്ങളേയും ജനകമഹാരാജാവ് എല്ലാവിധ ബഹുമാനങ്ങളോടും കൂടെ സ്വീകരിച്ചാനയിച്ചു. കേകയരാജാവിന്റെ മകനായ യുധാജിതും സഹോദരീപുത്രന്മാരുടെ വിവാഹത്തിനു പങ്കെടുക്കാനെത്തി. വിവാഹത്തിനുള്ള ഒരുക്കങ്ങളായി. സീതയുടെ അനിയത്തിയായ ഊർമ്മിളയെ ലക്ഷ്മണനും, ജനകന്റെ സഹോദരപുത്രിമാരായ ശ്രുതകീർത്തിയെ ഭരതനും, മാണ്ഡവിയെ ശത്രുഘ്നനും വിവാഹം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ വസിഷ്ഠമഹർഷിയുടെ കാർമികത്വത്തിൽ ഗുരുവര്യന്മാരെ സാക്ഷിയാക്കി വിവാഹങ്ങൾ നടത്തി.
വിവാഹാനന്തരമുള്ള ആഘോഷങ്ങളെല്ലാം ഒതുക്കി, ദശരഥമഹാരാജാവ് ഭാര്യാസമേതരായ പുത്രന്മാരോടും പരിവാരങ്ങളോടും കൂടെ അയോദ്ധ്യയിലേക്ക് യാത്രതിരിച്ചു. അങ്ങനെ കുറച്ചുദൂരം യാത്ര തുടർന്നപ്പോൾ ആകെ അശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതായത്, ക്ഷത്രിയാന്തകനായ ഭാർഗവരാമന്റെ വരവിനു സമയമായെന്നർത്ഥം..രണ്ട് രാമന്മാർ കണ്ട്മുട്ടുന്ന മുഹൂർത്തം….
കള്ളകർക്കടകമഴയ്ക്ക് ശക്തികൂട്ടാൻ അകമ്പടിയായെത്തിയ ശക്ത്മായ കാറ്റിൽ പെട്ടെന്ന് ചിമ്മിണിവിളക്ക് കെട്ടുപോയത് അന്നത്തെ കഥകഥനത്തിനു മുത്തശ്ശിക്ക് തിരശ്ശീലയിടാൻ പ്രേരകമായി..
അടുത്ത അദ്ധ്യായം :ഭാർഗവരാമന്റെ ഗർവ്വശമനം