Sunday, July 10, 2011

ശ്രീരാമാവതാരം‌




 ശ്രീപതിം‌ പ്രണിപത്യാഹം‌ 
ശ്രീവത്സാങ്കിത വക്ഷസം‌
ശ്രീരാമോദന്തമാഖ്യാസ്യേ 
ശ്രീവാത്മീകി പ്രകീര്‍ത്തിതം‌

 “ഞാന്‍‌ ശ്രീവത്സാങ്കിതവക്ഷസനായ ലക്ഷീപതി വിഷ്ണുവിനെ വന്ദിച്ചിട്ട് ശ്രീ വാത്മീകിയാല്‍ രചിക്കപ്പെട്ട ശ്രീരാമകഥ പറയുന്നു

 ഒന്നാം അദ്ധ്യായം‌ : ശ്രീരാമാവതാരം‌

പതിവുള്ള സന്ധ്യാനാമം‌ ചൊല്ലുമ്പോൾ‌ ഹരിക്കും വേണിക്കും മറ്റെന്നുമില്ലാത്ത ഒരു തിടുക്കമുണ്ടായിരുന്നു‌. കാരണം മറ്റൊന്നുമല്ല, അവർ‌ക്ക് മുത്തശ്ശി ഇന്നുമുതൽ‌ രാമായണകഥ പറഞ്ഞുകൊടുക്കാ‍മെന്നേറ്റിരുന്നു. രാമായണകഥ കേൾക്കാനുള്ള ആഗ്രഹം‌ സന്ധ്യാനാമം ചൊല്ലലിന്റെ വേഗത കൂട്ടി.

നിലവിളക്കിനു മുന്നിൽ‌ ചമ്രം‌ പടിഞ്ഞിരുന്നു സന്ധ്യാനാമം‌ ചൊല്ലിത്തീർത്ത് രണ്ട്പേരും‌ ഓടി കിഴക്കേ ഇറയത്തെത്തിയപ്പോൾ‌ മുത്തശ്ശി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“മുത്തശ്ശീ, ഞങ്ങളെത്തി” ഹരി‌ മുത്തശ്ശിയുടെ കാൽ‌ക്കൽ തന്നെ ഇരുപ്പുറപ്പിച്ചു. തൊട്ടടുത്തായി വേണിയും‌.

ഹരേരാമഹരേ..രാമ..രാമ രാമ ഹരേ ഹരേ കണ്ണുകൾ‌ പകുതിയടച്ചുകൊണ്ട് കൈകൂപ്പി മുത്തശ്ശി ഒന്നു പ്രാർത്ഥിച്ചു. എന്നിട്ട്, തന്റെ മുഖത്തേക്ക് കണ്ണും നട്ടിരിക്കുന്ന ആ കുട്ടികളുടെ ആകാംക്ഷക്കറുതിവരുത്താനായി രാമായണകഥയുടെ ഭാണ്ഡമഴിച്ചു..

“പണ്ട് പണ്ട് കോസലരാജ്യം‌ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ദശരഥൻ‌. സൂര്യവംശത്തിലെ മഹാപരാക്രമിയും ധർമ്മിഷ്ഠനുമായ ഒരു രാജാവായിരുന്നു അദ്ദേഹം‌.  വളരെ നീതിമാനായ അദ്ദേഹത്തിന്റെ ഭരണത്തിൻ‌കീഴിൽ‌ കോസലരാജ്യം‌ സമ്പദ്സമൃദ്ധമായിത്തീർന്നു. സരയൂനദിയുടെ തീരത്തുള്ള അയോദ്ധ്യയായിരുന്നു കോസലരാജ്യത്തിന്റെ തലസ്ഥാനം‌. ജനങ്ങൾ‌ തമ്മിൽ സ്നേഹത്തോടെയും സഹവർത്തിത്തോടെയും കഴിഞ്ഞു പോന്നിരുന്ന ആ രാജ്യത്ത് കളവോ വഞ്ചനയോ ഒന്നും ഉണ്ടായിരുന്നില്ല.“

ദശരഥനെന്ന പേരിന്റെ അർ‌ത്ഥമെന്താ മുത്തശ്ശീ? വേണി ഇടയിൽ‌ കയറിചോദിച്ചു.

“ദശമെന്ന് വച്ചാൽ‌ പത്ത്. വളരെ പരാക്രമിയായ യോദ്ധാവായിരുന്നു ദശരഥൻ‌. അദ്ദേഹത്തിന്റെ‌ യുദ്ധസാമർ‌ത്ഥ്യം‌ അറിവുള്ളതിനാൽ‌ അസുരഗണങ്ങളുമായ യുദ്ധങ്ങളിൽ‌ ദേവന്മാർ‌ ദശരഥന്റെ സഹായം‌ തേടാറുണ്ട്. മായാവികളായ അസുരന്മാരുടെ നാനാദിശകളിൽ‌ നിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിന് ചടുലവേഗത്തിൽ‌ രഥം നാനാവശങ്ങളിലേക്കും കറക്കിക്കൊണ്ട് ദശരഥൻ‌ യുദ്ധം ചെയ്തത്രെ. അതു കാണുന്ന ഒരാൾ‌ക്ക് പത്തു രഥങ്ങളിൽ‌ പത്ത് പേർ‌ യുദ്ധം ചെയ്യുന്നപോലെ തോന്നും‌. അങ്ങനെയാണു ദശരഥനെന്ന പേർ‌ ലഭിച്ചത് ”

വേണിയുടെ തലകുലുക്കൽ‌ മുന്നോട്ടുള്ള കഥപറച്ചിലിനുള്ള സമ്മതമായി എടുത്തുകൊണ്ട് മുത്തശ്ശി തുടർ‌ന്നു.

“ധർ‌മ്മിഷ്ഠനായ ദശരഥൻ‌ കൌസല്യയെ വിവാഹം കഴിച്ചു, അതിൽ‌ ശാന്തയെന്നൊരു പുത്രിയുമുണ്ടായി. വൈദികരീതിയനുസരിച്ച്, പെൺ‌കുട്ടി വിവാഹം‌ കഴിച്ചുകൊടുക്കുന്ന വംശത്തിലേക്ക് പോയതായി ആണു കണക്കാക്കുക. ശാന്തയെ അടുത്ത സുഹൃത്തായ രാജാവിനു ദത്തുപുത്രിയായി നൽകുകയും പിന്നീട് ശാന്ത ഋഷിശൃംഗന്റെ പത്നിയാവുകയും ചെയ്തു.
ഈ സമയത്താണു ലോകം‌ മുഴുവൻ‌ രാവണനെന്ന അസുരരാജാവിന്റെ അക്രമങ്ങളാൽ‌ പൊറുതിമുട്ടിയത്. ഘോരതപസ്സിനാൽ‌ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി “മനുഷ്യനാൽ‌ മാത്രമേ വധിക്കപ്പെടാവൂ” എന്നൊരു വരം‌ സ്വന്തമാക്കിയ രാവണന്റെ മുന്നിൽ ദേവഗണങ്ങൾ‌ മുട്ടുമടക്കേണ്ടി വന്നു.  ദേവകളുടെ അഭ്യർ‌ത്ഥനാഫലമായി‌ ശ്രീഹരി മനുഷ്യജന്മത്തിലവതരിക്കാമെന്ന് വാക്ക് കൊടുത്തു. ദശരഥപുത്രനായ ശ്രീരാമചന്ദ്രന്റെ ജനനത്തെ വരവേൽ‌ക്കാൻ‌ ഭൂമി ഒരുങ്ങിയെന്നു ചുരുക്കം‌. “
ദശരഥൻ‌ എന്ത് ഭാഗ്യവാനാലേ മുത്തശ്ശി, ഭഗവാൻ തന്നെ മകനായി പിറക്കുക ഹരിക്ക് വിസ്മയമടക്കാനായില്ല.

ഒരുനിമിഷം‌ മുത്തശ്ശി ആലോചനയിൽ‌ മുഴുകി, പിന്നെതുടർ‌ന്നു..

“ആനന്ദരാമായണത്തിലൊരു കഥയുണ്ടതിനെക്കുറിച്ചു, ധർ‌മ്മദത്തനെന്നൊരു  വിഷ്ണുഭക്തനുണ്ടായിരുന്നു. ഏകാദശിവ്രതവും നോറ്റു നടന്നിരുന്ന ഒരു സാധുബ്രാഹ്മണൻ‌. ഒരിക്കൽ വഴിമധ്യേ ഒരു ഭീകരസത്വം‌ മുന്നിൽ വന്നു പെട്ടു. പേടിച്ചരണ്ട ധർമ്മദത്തൻ‌ ഹരിനാമവും ചൊല്ലി കയ്യിലുണ്ടായിരുന്ന പൂജാസാധങ്ങളെല്ലാം അതിനു നേരെ വലിച്ചെറിഞ്ഞു. തുളസിതീർത്ഥത്തിന്റെ സ്പർശനമാത്രയിൽ‌ ആ സത്വത്തിനു തന്റെ പൂർവ്വജന്മകഥ ഓർമ്മ വന്നു. വളരെമോശമായി നടന്ന കഴിഞ്ഞ ജന്മത്തിന്റെ ശാപഫലമാണു ഈ ജന്മമെന്ന് തിരിച്ചറിഞ്ഞ അത് മോക്ഷം ലഭിക്കുന്നതിനുള്ള മാർഗം ധർമ്മദത്തനോടാരാഞ്ഞു.“

ധർമ്മദത്തൻ‌ പറഞ്ഞു,

സ്നാനം‌,ദാനം, വ്രതം‌ എന്നിവയാണു പാപനാശിനിയായിട്ടുള്ളത്. എന്നാൽ‌ നിന്റെ പാപങ്ങൾ‌ വളരെ വലുതായതിനാൽ‌ പൂർണ്ണമായപുണ്യങ്ങൾ‌ നേടുവാൻ സാധിക്കില്ല. അതിനാൽ‌ ചെറുപ്പം മുതൽ‌ കാർത്തികവ്രതമെടുക്കുക വഴി ഞാൻ നേടിയ പുണ്യത്തിന്റെ പകുതി നിനക്കു തരാം .

തുളസീതീർത്ഥമെടുത്ത് വ്രതപുണ്യം  പകർന്നു കൊടുത്തതും‌ ആ സത്വം‌ സുന്ദരിയായ ഒരു സ്ത്രീയായി മാറിയതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് വിഷ്ണുലോകത്ത് നിന്ന് ഒരു വിമാനമെത്തുകയും‌ അതിൽ‌ വിഷ്ണുലോകത്തെ പരിചാരകർ വന്ന് ഈ സ്ത്രീയെ അതിൽ കയറ്റുകയും ചെയ്തു.എന്നിട്ടവർ ധർമ്മദത്തനോട് പറഞ്ഞു

“നിങ്ങൾ ഒരു മഹാനായ വിഷ്ണുഭക്തനാണു. നിങ്ങളുടെ വ്രതപുണ്യം പകർന്നു കൊടുക്കുക വഴി, ഇവരുടെ എല്ലാ പാപങ്ങളും നശിക്കുകയും‌ നിങ്ങളുടെ പുണ്യം ഇരട്ടിക്കുകയും‌, ഇവൾ‌ വിഷ്ണുലോകപ്രാപ്തിക്കർ‌ഹയാവുകയും‌ ചെയ്തു. നിങ്ങളും മരണശേഷം‌ വൈകുണ്ഠത്തിലെത്തുകയും പിന്നീട് അടുത്ത ജന്മത്തിൽ‌ ദശരഥനായി ജന്മമെടുക്കുകയും ചെയ്യും. അന്ന് വിഷ്ണുഭഗവാൻ‌ നിങ്ങളുടെ പുത്രനായി ഭൂമിയിൽ‌ ജന്മമെടുക്കും.”

“ഇങ്ങനെയൊരു കഥയുണ്ട്“ മുത്തശ്ശി ചെറുതായൊന്നു ചുമച്ച്, ശബ്ദമൊന്ന് നേരെയാക്കി രാമായണകഥയിലേക്ക് തിരിച്ചെത്തി..

കോസലരാജ്യത്തിനൊരു അനന്തരാവകാശിയില്ലാത്തത് ദശരഥന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. പുത്രലാഭത്തിനായി പിന്നീട് സുമിത്രയേയും കേകയ രാജകുമാരിയായ കൈകേയിയേയും‌ വിവാഹം‌ കഴിച്ചെങ്കിലും‌ ഈശ്വരന്മാർ‌ കനിഞ്ഞില്ല. അങ്ങനെയിരിക്കെ രാജഗുരുവിന്റെ നിർ‌ദ്ദേശപ്രകാരം‌ ഒരു യാഗം നടത്താൻ തീരുമാനിച്ചു.  യാഗത്തിന്റെ അവസാനം‌ വഹ്നിദേവൻ‌ പ്രത്യക്ഷപ്പെട്ട് ഒരു കുംഭത്തിൽ‌ പായസം നൽകി‌. ദശരഥപത്നിമാരോട് ഭക്തിപൂർവ്വം കഴിക്കാനാവശ്യപ്പെട്ടു.

ഇടത്തും വലത്തും‌ നിന്നിരുന്ന കൌസല്യകൈകേയിമാർക്ക് പായസം വീതിച്ചു കൊടുത്തനേരം‌ പുറകിൽ നിന്നിരുന്ന സുമിത്രക്ക് പായസം തികഞ്ഞില്ല. എന്നാൽ ഉടനെത്തന്നെ കൌസല്ല്യയും‌ കൈകേയിയും‌ തങ്ങളുടെ ഓഹരിയിൽ‌ നിന്നൊരുഭാഗമെടുത്ത് സുമിത്രക്ക് നൽ‌കി.

കാലക്രമേണ കൌസല്യ ശ്രീരാമനും‌ കൈകേയി ഭരതനും‌ സുമിത്ര ലക്ഷ്മണ ശത്രുഘ്നന്മാർക്കും‌ ജന്മം നൽകി.  ആയിരം സൂര്യനുദിച്ച തേജസ്സോടെ പുണർ‌തം നക്ഷത്രത്തിൽ‌ ഭൂജാതനായ ശ്രീരാമചന്ദ്രൻ‌ കൌസല്യക്ക് അൽ‌പ്പസമയത്തേക്ക് വിശ്വരൂപദർ‌ശനവും നൽകി‌. കൌസല്യയുടെ അഭ്യർത്ഥന മാനിച്ച് പെട്ടെന്ന് തന്നെ വിശ്വരൂപം വെടിയുകയും ചെയ്തു.

മുത്തശ്ശിയുടെ കണ്ണുകൾ‌ ഭക്തിയാൽ‌ പാതിയടഞ്ഞു..

നമസ്തേ ദേവദേവ, ശംഖചക്രാബ്ജധര‌
നമസ്തേ വാസുദേവ! മധുസൂദന! ഹരേ
നമസ്തെ നാരായണ! നമസ്തേ നരകാരേ
സമസ്തേശ്വര!  ശൌരേ! നമസ്തേ ജഗൽ‌പതേ

നാലു രാജകുമാരന്മാരും‌ അയോദ്ധ്യയിൽ‌ രാജഗുരു വസിഷ്ഠന്റെ ശിക്ഷണത്തിൽ‌ സർവ്വശാസ്ത്രാഭ്യസനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമയത്താണു വിശ്വാമിത്ര മഹർഷി അയോദ്ധ്യയിലേക്ക് വരുന്നത്.  ജനിച്ചത് രാജാവായിട്ടായിരുന്നട്ടു കൂടിയും ഘോരതപസ്സിനാൽ‌ രാജർഷിയായിത്തീർന്ന ക്ഷിപ്രകോപിയായ വിശ്വാമിത്രമഹർഷിയുടെ വരവ് ചുമ്മാതാവില്ലല്ലോ..

ഇനി അടുത്ത ദിവസം‌, പഠിക്കാനുള്ള സമയമായില്ലേ, ചെല്ലൂ.  മുത്തശ്ശി പയ്യെ എഴുന്നേറ്റു, കൂടെ  ഹരിയും വേണിയും..


അടുത്ത അദ്ധ്യായം‌ :  വിശ്വാമിത്രന്റെ കഥ,  രാമലക്ഷമണന്മാർ‌ യാഗരക്ഷക്കായി പുറപ്പെടൽ‌

നിങ്ങളുടെ അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ