Chapter : 8
പതിവിനു വിപരീതമായി, കുട്ടികളുടെ മുഖത്ത് വിഷാദം നിറഞ്ഞ് നില്‍പ്പുണ്ടായിരുന്നു. അത് തിരിച്ചറിയാന്‍ മുത്തശ്ശിക്ക് പ്രയാസവുമുണ്ടായില്ല. ഒരു ചെറുചിരിയോടെ ഹരിയുടേയും വേണിയുടേയും തലയില്‍ തടവി, മുത്തശ്ശി ചോദിച്ചു.
എന്തു പറ്റി ?
രാജാവാകേണ്ട രാമനോട് കാട്ടിലേക്ക് പോകാന്‍ പറയണ്ടാര്‍ന്നു. വേണി ചാടിക്കയറിപ്പറഞ്ഞു.
അപ്പൊ അതാണു കാര്യം. മുത്തശ്ശി കഥയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണു.
രാജാവാകുകയല്ല ശ്രീരാമന്റെ അവതാരോദ്ദേശ്യം. എന്തായാലും അയോദ്ധ്യ മുഴുവന്‍ മരണവീടുപോലെയായി. ശ്രീരാമനാകട്ടെ, അമ്മയായ കൗസല്ല്യയുടെ അടുത്ത് ചെന്ന് അനുവാദം വാങ്ങുന്നതിനായി യാത്രതിരിച്ചു. മകന്റെ അഭിഷേകത്തിനായി തയ്യാറെത്തുകൊണ്ടിരിക്കുകയായിരുന്ന കൗസല്ല്യയെ ചെന്ന് കണ്ട് രാമന്‍ കാര്യം പറഞ്ഞു. ലോകത്തൊരമ്മക്കും സഹിക്കാന്‍ പറ്റുന്നതല്ലല്ലോ ഈ വാര്‍ത്ത.
തളര്‍ന്ന് പോയ കൗസല്ല്യയെ രാമന്‍ ആശ്വസിപ്പിച്ചു. എന്നാല്‍ ഇതൊന്നും മറ്റൊരാള്‍ക്ക് സഹിക്കാനോ ക്ഷമിക്കാനോ സാധിക്കുന്നതായിരുന്നില്ല.
അതാര്‍ക്കാ മുത്തശ്ശീ ? ഹരിയുടെ ചോദ്യം.
ജ്യേഷ്ഠനെ ദൈവമായിക്കരുതുന്ന ഒരു അനുജനു. ലക്ഷ്മണനു. ലക്ഷ്മണനു തന്റെ കോപം അടക്കാനാവുന്നില്ല. അച്ഛന്റെ വാക്ക് അനുസരിക്കേണ്ട ആവശ്യമില്ല, രാമനുവേണ്ടി യുദ്ധം ചെയ്ത്, ഈ രാജ്യം തന്നെ പിടിച്ചെടുത്ത് രാമനെ രാജാവായി വാഴിക്കാന്‍ വരെ ലക്ഷ്മണന്‍ തയ്യാറായി. എന്നാല്‍ രാമന്‍ അണുവിടപോലും വികാരാധീനനായില്ല. ലക്ഷ്മണനോട് സമാധാനപൂര്‍വ്വം കോപം വെടിയേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി. എന്നാല്‍ ലക്ഷ്മണനെ അയോദ്ധ്യയില്‍ തന്നെ നിര്‍ത്താനുള്ള രാമന്റെ ശ്രമം വിഫലമായി.
അതു നന്നായല്ലേ മുത്തശ്ശീ, ഒരു കൂട്ടായല്ലോ. വേണിയുടെ അഭിപ്രായം.
രാമായണത്തിന്റെ മനസ്സാണു രാമനെങ്കില്‍, നിതാന്തമായ ജാഗ്രതയാണു ലക്ഷ്മണന്‍. അചഞ്ചലമായ സഹോദരസ്നേഹത്തിന്റെ ഉദാത്തമായ രൂപമാണു ലക്ഷ്മണന്‍. മുത്തശ്ശി തുടര്‍ന്നു. നേരെ ജനകപുത്രിയുടെ അടുത്തേക്ക് രാമന്‍ ചെന്നു. രാമന്റെ ശ്രമം അവിടെയും വിജയിച്ചില്ല. ഭര്‍ത്താവിന്റെ കൂടെ ദണ്ഡകവനത്തിലേക്ക് പോകാനുള്ള സീതയുടെ തീരുമാനം അത്രയും ഉറച്ചതായിരുന്നു. വനത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ശ്രീരാമന്റെ വിവരണമൊന്നും മൈഥിലിയുടെ മനസ്സിളക്കാന്‍ പ്രാപ്തമായിരുന്നില്ല.
ലക്ഷ്മണനും അമ്മയോട് യാത്രചോദിക്കാനായി പുറപ്പെട്ടു. മകന്റെ തീരുമാനമറിഞ്ഞ സുമിത്ര ലക്ഷ്മണനോട് പറഞ്ഞ ഉപദേശമാണത്രെ രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമായി കണക്കാക്കപ്പെടുന്നത്. ജ്യേഷ്ഠന്റെ ശപഥത്തിനോടൊപ്പം നിന്ന്, ചേട്ടനെ പരിപാലിക്കാനായി ഇറങ്ങിപ്പുറപ്പെട്ട് നില്‍ക്കുന്ന മകനോട് ആ അമ്മ പറഞ്ഞതിങ്ങനെയാണു
മകനെ, നീ ശ്രീരാമചന്ദ്രനെ നിന്റെ അച്ഛനുതുല്യവും സീതയെ ഞാനായും കരുതുക. വനത്തെ അയോദ്ധ്യയായികരുതുക. നീ സന്തോഷത്തടെ പോയാലും.
ദശരഥനെ വന്ദിച്ച്, കൈകേയികൊടുത്ത മരവുരിയുമുടുത്ത് രാമലക്ഷ്മണന്മാരും സീതയും ദണ്ഡകാരണ്യത്തിലേക്ക് പോകാനൊരുങ്ങി. അയോദ്ധ്യയിലെ ജനങ്ങള്‍ വാവിട്ടുകരഞ്ഞു. രാജാവാകുമെന്ന് കരുതിയവന്‍ സര്‍വ്വവും ത്യജിച്ച് ഇതാ കാട്ടിലേക്ക് പോകുന്നു. സുമന്ത്രന്‍ നയിച്ച് രഥത്തില്‍ കയറി രാമനും സീതയും ലക്ഷ്മണനും പതിനാലും സംവത്സരം നീണ്ട കാനനവാസത്തിനു യാത്രയായി. കൂടെ ആബാലവൃദ്ധം ജനങ്ങളും.
മുത്തശ്ശിയോടൊപ്പം ഹരിയും വേണിയും കണ്ണുകളടച്ചിരുന്നു. കണ്ണിനുമുന്നില്‍ സര്‍വ്വസംഗപരിത്യാഗിയായ, പ്രതിജ്ഞാപരിപാലനസജ്ജരായി യാത്രതിരിച്ച മൂവര്‍സംഘം തെളിഞ്ഞു വന്നുകാണും. രാമനാമത്താല്‍ മുഖരിതമായ അന്തരീക്ഷത്തിലേക്ക് അവരും എത്തിപ്പെട്ടുകാണും... തണുത്തകാറ്റിനോടൊപ്പം മുത്തശ്ശിയുടെ രാമനാമവും അവരെ തഴുകിക്കൊണ്ട് ഒഴുകിനടന്നു...
No comments:
Post a Comment