Monday, April 20, 2015

അഭിഷേകഭംഗം ‌


കൈകേയിയുടെ കൊട്ടാരത്തിലേക്ക് ചെന്ന ദശരഥമഹാരാജാവ് പതിവിനു വിപരീതമായി തന്നെ സ്വീകരിക്കാന്‍‌ കൈകേയിയെ കാണാതെ പരിഭ്രമമായി. എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തോഴി പറഞ്ഞതനുസരിച്ച് അന്തപുരത്തിലെ ഒരു മുറിയില്‍‌ ചെന്ന് നോക്കിയ രാജാവ് കണ്ടത് ആകെ ദു:ഖാര്ത്തയായി കണ്ണീരൊഴുക്കിക്കിടക്കുന്ന രാജ്ഞിയെയാണു.
രാജ്ഞിയുടെ ദു:ഖത്തിന്റെ കാരണം അന്വേഷിച്ച രാജാവ് പരിഹാരമായി എന്ത് വേണമെങ്കിലും ചെയ്യാം എന്നറിയിച്ചു. എന്താഗ്രഹവും സാധിച്ച് തരാമെന്ന് വീണ്ടും വീണ്ടും സത്യം ചെയ്തു.
അത് കേള്ക്കാനായിട്ടാണല്ലോ കൈകേയിയുടെ ഈ നാട്യം മുഴുവനും .  പയ്യെ എഴുന്നേറ്റ് രാജാവിനോട് ഇങ്ങനെ പറഞ്ഞു.

"ദൈവങ്ങളേയും സൂര്യചന്ദ്രന്മാരെയും സമസ്തചരാചരങ്ങളേയും സാക്ഷി നിര്ത്തി അങ്ങിപ്പോള്‍‌ സത്യം ചെയ്തിരിക്കുകയാണു. മുന്നൊരിക്കല്‍‌ അസുരന്മാരുമായുള്ള യുദ്ധസമയത്ത് അങ്ങ് എനിക്ക് രണ്ട് വരം ആവശ്യപ്പെടാനുള്ള അനുമതി നല്കിയിരുന്നു. അത് ഇപ്പോള്‍‌ ഞാന്‍‌ ചോദിക്കുകയാണു. ആദ്യത്തെ വരമായി എന്റെ മകന് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. രണ്ടാമത്തെ വരമായി ശ്രീരാമചന്ദ്രനെ മരവുരിയുടിപ്പിച്ച് ദണ്ഡകവനത്തിലേക്ക് പതിനാലുവര്ഷം വനവാസത്തിനു ഇന്ന് തന്നെ പറഞ്ഞയക്കണം.  ഇത് അവിടുന്നു നിറവേറ്റാത്ത പക്ഷം ഞാന്‍‌ ജീവനവസാനിപ്പിക്കുന്നതാണു."

മുത്തശ്ശി തന്നെ ഉറ്റുനോക്കിയിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി അല്പ്പനേരം നിശബ്ദയായിരുന്നു . കുട്ടികളുടെ മുഖത്തെ വിഷാദവും ആകാംക്ഷയും കൂടിക്കലര്ന്ന ഭാവം മുത്തശ്ശിയെ രാമായണകഥയിലേക്ക് തിരിച്ച് നയിച്ചു.

കൈകേയിയുടെ ക്രൂരമായ ആവശ്യം കേട്ടമാത്രയില്‍‌ രാജാവ് നിലംപതിച്ചു. പിന്നെ കൈകേയിയോട് കേണപേക്ഷിച്ചു നോക്കി. എന്നാല്‍‌ രാജാവിന്റെ കരച്ചിലും അപേക്ഷയും ക്രോധവും ഒന്നും കൈകേയിയുടെ മുന്നില് വിലപ്പോയില്ല.

രാജ്യം മുഴുവന്‍ ആഹ്ലാദത്തിമിര്‍പ്പിലായിക്കഴിഞ്ഞിരുന്നു. എങ്ങും രാമന്റെ പട്ടാഭിഷേകത്തെക്കുറിച്ചുള്ള സംസാരം മാത്രം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുമുല്‍ക്കാഴ്ചകളുമായി ശ്രീരാമനു ആശംസകളര്‍പ്പിക്കാന്‍ നാട്ടുകാരെല്ലാം എത്തിച്ചേര്‍ന്നു, അങ്ങനെ സുമന്ത്രര്‍ ശ്രീരാമനെ ദശരഥന്‍റ്റെയും കൈകേയിയുടേയും അടുത്തേക്ക് കൊണ്ടുവന്നു. എന്നാല്‍‌ അദ്ദേഹത്തിന്റെ അവസ്ഥകണ്ട് ആകുലനായി കാര്യമന്വേഷിച്ച ശ്രീരാമനോട് കാര്യങ്ങള് തുറന്ന് പറയാന് ദശരഥനു സാധിച്ചില്ല.  'രാമ' എന്ന രണ്ടക്ഷരമല്ലാതെ ഒന്നും സംസാരിക്കുവാന്‍ ദു:ഖാര്‍ത്തനായ രാജാവിനു കഴിഞ്ഞില്ല.

ദശരഥന്‍റ്റെ മനോവിഷമത്തിനു കാരണം താനാണോ എന്ന ശങ്കയില്‍ കൈകേയിയോട് കാര്യമന്വേഷിച്ച ശ്രീരാമനോട് കൈകേയി പറഞ്ഞു.

"അച്ഛന് ഇപ്പോള് ഒരു സാധാരണമനുഷ്യനെപ്പോലെ പറഞ്ഞ വാക്ക് പാലിക്കാനാവാതെ ഉഴറുകയാണു.  അച്ഛന്റെ വാക്ക് പാലിക്കുവാന് സഹായിക്കാന് നിനക്ക് സാധിക്കുമെങ്കില് മാത്രംഞാന്‍‌ നിന്നോട് പറയാം "

ഇത് കേട്ട ശ്രീരാമന്‍‌, പിതാവിന്റെ വാക്ക് കാത്ത് സംരക്ഷിക്കാന് സ്വജീവിതം തന്നെ നല്കാന്‍‌ തയ്യാറാണെന്ന് കൈകേയിയോട് പറഞ്ഞു. അത് കേട്ട് സന്തോഷത്തോടെ കൈകേയി ശ്രീരാമനോട് കാര്യങ്ങള് ഇങ്ങനെ വിശദീകരിച്ചു

പണ്ട് യുദ്ധസമയത്ത് ചെയ്ത ഒരു സഹായത്തിനു പ്രത്യുപകാരമായി നിന്റെ അച്ഛന് രണ്ട് വരങ്ങള് ചോദിക്കാനുള്ള അനുമതി എനിക്ക് നല്കിയിരുന്നു. അത് ഞാനിപ്പോള്‍‌ ചോദിച്ചിരിക്കുകയാണു. നിനക്ക് കിരീടധാരണത്തിനുവേണ്ടിയുള്ള ചടങ്ങില്‍‌ നിനക്ക് പകരം, എന്റെ മകന്‍‌ ഭരതന് യുവരാജാവായി അഭിഷേകം ചെയ്യപ്പെടണം. രണ്ടാമതായി നീ ഇന്ന് തന്നെ പതിനാലുവര്ഷത്തെ വനവാസത്തിനായി ജടാവല്ക്കലങ്ങള്‍‌ ധരിച്ച് ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെടണം


അതിക്രൂരമായ ഈ വാക്കുകള്‍‌ ശാന്തതയോടെ ശ്രീരാമന്‍‌ കേട്ടു. എന്നിട്ട് ശ്രീരാമന്‍ കൈകേയിയോടിങ്ങനെ പറഞ്ഞു.


"ഇപ്പോള്‍ തന്നെ പിതാവിന്റെ പ്രതിജ്ഞാപാലനത്തിനായി മരവുരിയുടുത്തു ഞാനിതാ കാട്ടിലേക്ക് പോവുകയായി. മാതുലന്റെ അടുത്ത് നിന്ന് ഭരതനെ വരുത്തി പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്ത് കൊള്ളൂ"

അയ്യോ! ഹരിയുടെയും വേണിയുടേയും കണ്ഠത്തില്‍ നിന്ന് ഒരേസമയം ഒരു നിലവിളിയുയര്‍ന്നു. മുത്തശ്ശിയുടെ മുഖത്തുനിന്നും കണ്ണെടുത്ത് പരസ്പരം നോക്കി വിഷാദഭാവത്തില്‍ അല്പനേരം ഇരുന്നു. അല്ലെങ്കിലും, അയോദ്ധ്യാധിപനായി കാലംകഴിക്കലല്ലോ ശ്രീരാമചന്ദ്രഭഗവാന്റെ അവതാരോദ്ദേശ്യം. അതിനാല്‍, ബാക്കിയെല്ലാം സംഭവിച്ചല്ലേ പറ്റൂ.

കര്‍ക്കടകമാസത്തിലെ മേഘങ്ങള്‍‌ കുട്ടികളുടെ മനസ്സില്‍ നിന്നെന്ന പോലെ, പുറത്തേക്ക് പെയ്തൊഴുകിത്തുടങ്ങിയിരുന്നു. മണ്ണില്‍ ചെറിയ ചാലുകള്‍ തീര്‍ത്ത്, മുന്‍‌പേ നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് ഒഴുകുന്ന നീര്‍ത്തുള്ളികള്‍‌ പതിവ് യാത്രകള്‍ തുടങ്ങി...

ഇരുളിന്റെ കടന്നുവരവിനു അകമ്പടിയായി മുത്തശ്ശിയുടെ രാമനാമവും പതിവ് പോലെ ഉയര്‍ന്നു ..

നിങ്ങളുടെ അഭിപ്രായങ്ങൾ‌ ഇവിടെ രേഖപ്പെടുത്തുമല്ലോ  

No comments: